ജയലളിതയെ കല്‍ക്കരി കേസില്‍ കുറ്റവിമുക്തയാക്കിയത് സുപ്രീം കോടതി റദ്ദാക്കി
ദില്ലി: കല്‍ക്കരി ഇറക്കുമതി കേസില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയെ കുറ്റവിമുക്തയാക്കിയ പ്രത്യേക കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചത് സുപ്രീംകോടതി റദ്ദാക്കി.
ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് ആര്‍.സി.ലാഹോതിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സ്പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി അനുവാദം നല്‍കി.
കേസില്‍ വിചാരണ നടക്കവെ പോലീസ് റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ജയലളിതയെ കുറ്റവിമുക്തയാക്കിയത് ശരിയല്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു.
മൂന്നര കോടി രൂപ നഷ്ടം വരുത്തിവച്ച കല്‍ക്കരി ഇറക്കുമതി കരാര്‍ അംഗീകരിക്കും മുമ്പ് പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ചൂണ്ടികാട്ടിയ തടസങ്ങള്‍ വായിച്ചുനോക്കേണ്ടതായിരുന്നുവെന്ന സര്‍ക്കാരിനു വേണ്ടി ഹാജരായ ശാന്തിഭൂഷന്റെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ നിലവാരം മോശമാണെന്നും വില ഉയര്‍ന്നതാണെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
പ്രത്യേക കോടതി മുമ്പാകെ എല്ലാ ദിവസവും വിചാരണക്ക് ഹാജരാവുന്നതില്‍ നിന്നും സുപ്രീം കോടതി ജയലളിതക്ക് ഇളവ് നല്‍കി. കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications