പ്രേമ വൈറസ്: ഫിലിപ്പൈന്‍ ചെറുപ്പക്കാരന് ഹാജരാകുവാന്‍ ഉത്തരവ്
മനില: പ്രേമ വൈറസ് സൃഷ്ടാവിനെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഫിലിപ്പൈന്‍സ് അധികാരികള്‍ ഒരു മുന്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയോടും അയാളുടെ സഹോദരിയോടും വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍ ഹാകജരാകുവാന്‍ പറഞ്ഞു. ഒനേല്‍ ഡീ ഗുസ്മാന്‍ എന്ന ഈ 22 കാരന്‍ മനിലയിലെ എ എം എ കമ്പ്യൂട്ടര്‍ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയാണ്.
ലോകത്താകത്തെ വിറപ്പിച്ച പ്രേമ വൈറസിന് സമാനമായ ഒരു പ്രോഗ്രാമാണ് ഒനേല്‍ തന്റെ ഗവേഷണ പ്രബന്ധമായി സമര്‍പ്പിച്ചത്. ഉത്തരവ് ഒന്നും ലഭിക്കാത്തത് കൊണ്ട് ഒനേലും സഹോദരിയും അധികാരികളുടെ മുന്‍പില്‍ ഹാജരാകുകയില്ലെന്ന് ഇവരുടെ വക്കീലായ റൊണാള്‍ഡോ ക്വിംബോ പറഞ്ഞു. ഒനേലും സഹോദരിയും വ്യാഴാഴ്ച വൈകുന്നേരം വാര്‍ത്താലേഖകരോടു സംസാരിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞു.
ഒനേലിനെതിരെ ഈ കേസില്‍ ഇതു വരെ കുറ്റാരോപണം നടത്തിയിട്ടില്ലെന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ( എന്‍ ബി ഐ) പറഞ്ഞു. എന്നാല്‍ ഒനേലും സഹോദരിയും അന്വഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ വ്യാഴാഴ്ച രണ്ട് മണിക്ക് ഹാജരാകാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ടെന്ന് എന്‍ ബി ഐ വക്താവ് പറഞ്ഞു.
എ എം എ കമ്പ്യൂട്ടര്‍ കോളേജ് ഒനേലിന്റെ ഗവേഷണ പ്രബന്ധത്തിന്റെ പകര്‍പ്പുകള്‍ ബുധനാഴ്ച വിതരണം ചെയ്തു. പാസ്വേടുകള്‍ (സൂത്രവാക്കുകള്‍) മോഷ്ടിക്കാനും ഇന്റര്‍നെറ്റ് സൗകര്യം സൗജന്യമായി നേടാനുമുള്ള തന്ത്രങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം. കോളേജ് ഒനേലിന്റെ ഈ പ്രബന്ധം സ്വീകരിച്ചില്ല. അതോടുകൂടി ഒനേല്‍ വിദ്യാഭ്യാസം മതിയാക്കി പോവുകയും ചെയ്തു.
ഒനേലിന്റെ സഹോദരി ഇറീന്റെ കൂടെ താമസിച്ചിരുന്ന കൂട്ടുകാരന്‍ റിയോണല്‍ റെമോണസിനെ പോലീസ് നേരത്തേ തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയക്കുകയാണ് ഉണ്ടായത്. താന്‍ ഒനേലാണെന്ന് പോലീസ് തെറ്റിധരിച്ചുവെന്ന് റിയോണല്‍ പറഞ്ഞു. ഒനേലിന്റെ പ്രബന്ധത്തിലുള്ള ട്രോജന്‍ വൈറസും പ്രേമവൈറസും സമാനമാണെന്ന് ന്യൂയോര്‍ക്കിലെ നിരീക്ഷകര്‍ പറഞ്ഞു. പ്രേമവൈറസ് മൂലം ഏകദേശം 700 കോടി ഡോളറിന്റെ നഷ്ടമുണ്ടായതാണ് കണക്ക്.












Click it and Unblock the Notifications