ആസ്ത നൂറ് കോടി തികച്ചു
ദില്ലി: ഇന്ത്യന്‍ ജനസംഖ്യ വ്യാഴാഴ്ച നൂറു കോടി കവിഞ്ഞു. ഡല്‍ഹിയിലെ സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ ജനിച്ച ആസ്തയെന്ന പെണ്‍കുഞ്ഞിനാണ് ഔദ്യോഗികമായി എണ്ണം തികച്ച ഖ്യാതി ലഭിച്ചത്. ഒരു മണിയോടെ വാര്ത്താലേഖകരുടേയും ഫോട്ടാഗ്രാഫര്മാരുടേയും മുന്നിലേക്ക് ആസ്തയെ കൊണ്ടുവന്നു. തന്റെ ചുറ്റുമുള്ള തിരക്കും ബഹളവും ഒന്നുമറിയാതെ കുഞ്ഞ് സുഖമായുറങ്ങി.
ഡല്‍ഹിയിലെ അശോക് അഞ്ജന ദമ്പതികളുടെ മകളാണ് ആസ്ത. ആസ്തയെന്നാല് വിശ്വാസമെന്നാണ് അര്‍ത്ഥം. ഒരു കാര്‍ പാര്‍ട്ട്സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അശോക് സന്തോഷവാനാണ്. ആസ്ത വളര്‍ന്ന് ഒരു ഡോകറാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അശോക് പറഞ്ഞു.
ജനസംഖ്യ നൂറു കോടി കവിഞ്ഞ രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ചീനയുമാണ്. ജനസംഖ്യാ നിയന്ത്രണ പരിപാടികള്‍ ഇന്ത്യ 1952 മുതല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നു. എങ്കിലും അതിനു ശേഷം ജനസംഖ്യ ഏകദേശം മൂന്നിരട്ടിയായി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജനസംഖ്യാവര്‍ദ്ധനവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ 2045 ആണ്ടില്‍ ചീനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറും.












Click it and Unblock the Notifications