ആന്റണിയുടെ യാത്രാകൂലി കുടിശിക: പൊതുതാത്പര്യഹര്‍ജി സര്‍ക്കാരിന് വിട്ടു
ദില്ലി: മുന്‍ കേരള മുഖ്യമന്ത്രി എ.കെ.ആന്റണി 10,46,000 രൂപയുടെ വിമാനയാത്രാകൂലി കുടിശിക വരുത്തിയതിനെ കുറിച്ചുള്ള പൊതുതാത്പര്യഹര്‍ജി നടപടിയെടുക്കാനായി ദില്ലി ഹൈക്കോടതി കേരളസര്‍ക്കാരിന് വിട്ടു.
നാലുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് അരിജിത് പസായത്തും ജസ്റ്റിസ് ഡി.കെ.ജെയിനും വിധിന്യായത്തില്‍ പറഞ്ഞു.
അഡ്വക്കറ്റ് ബി.എല്‍.വധേരയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അഞ്ചുവര്‍ഷമായി തുക തിരിച്ചടക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും കോടതിയുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. പൊതുഖജനാവിലെ പണം ആന്റണിയില്‍ നിന്നും പലിശയടക്കം തിരിച്ചുപിടിക്കുന്നതിനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
1995 മാര്‍ച്ച് 21ന് ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവാനായി പ്രതിരോധ വകുപ്പിന്റെ 737ബോയിങ് വിമാനം അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് വിട്ടുതരാനായി മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിനോട് അപേക്ഷിച്ചു. രണ്ടു ദിവസത്തിനു ശേഷമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രത്യേക വിമാനം മുഖ്യമന്ത്രിക്ക് മാത്രം ഉപയോഗിക്കാനായാണ് ഉത്തരവുണ്ടായിരുന്നതെങ്കിലും ആന്റണിയുടെ കൂടെ ആറ് പാര്‍ലമെന്റംഗങ്ങള്‍ കൂടി അന്ന് വിമാനത്തിലുണ്ടായിരുന്നു.
95 ജൂണില്‍ 10,46,000രൂപയുടെ ബില്‍ എയര്‍ ഹെഡ്ക്വാട്ടേഴ്സ് സര്‍ക്കാരിനയച്ചു. സര്‍ക്കാര്‍ 1996ല്‍ തുക നല്‍കാനായി അനുമതി നല്‍കി. എന്നാല്‍ 1997ല്‍ ആന്റണി പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്തത്് ഏതെങ്കിലും പൊതുആവശ്യത്തിനു വേണ്ടിയായിരുന്നില്ലെന്നും അതുകൊണ്ട് സര്‍ക്കാരിന് ഈ തുകയടക്കാനാവില്ലെന്നും അറിയിച്ചു. ആന്റണി തന്നെ ഈ തു കയടക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
1998 സെപ്തംബറില്‍ തുകയടക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാനായി പ്രതിരോധവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. പക്ഷേ ഇക്കാര്യത്തില്‍ യാതൊരു നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞു.
ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ചാല്‍ അതിന്റെ വാടക ഒരു മാസത്തിനുള്ളില്‍ അടക്കണമെന്നിരിക്കെ ഇത്രയും കാലതാമസം വരുത്തിയതിനാല്‍ കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications