ശബ്ദവര്‍ണപൊലിമയില്‍ തൃശൂര്‍പൂരം; പൂരത്തിനിടയില്‍ ലാത്തിചാര്‍ജ്
തൃശൂര്‍: വര്‍ണപൊലിമയുടെയും ശബ്ദഘോഷങ്ങളുടെയും ലയത്തില്‍ പൂരകാഴ്ച്ച കണ്ട ജനസഹസ്രങ്ങള്‍ ധന്യരായി. വെള്ളിയാഴ്ച്ച രാവിലത്തെ എഴുന്നള്ളിപ്പോടെ തുടങ്ങി ശനിയാഴ്ച്ച പുലര്‍ച്ചെയുള്ള വെടികെട്ടോടെ പൂരം അവസാനിക്കുമ്പോള്‍ നഗരം ഉത്സവലഹരിയില്‍ ആറാടുകയായിരുന്നു. ജനം പൂരകാഴ്ച്ചകളില്‍ മുഴുകിയിരിക്കുമ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് ഉത്സവത്തിന്റെ താളക്കൊഴുപ്പിന് ഇടക്ക് ഭംഗമായി.
പൂരാഘോഷം തുടങ്ങിയത് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെയാണ്. അതിനുശേഷം ചെറുപൂരങ്ങള്‍ ക്ഷേത്രത്തിലെത്തി. തിരുമ്പാടിയുടെ മഠത്തിലെ വരവ് തുടങ്ങിയത് രാവിലെ 11.30നാണ്. തുടര്‍ന്ന് പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് തുടങ്ങി. തിരുവമ്പാടിയും പാറമേക്കാവിലമ്മയും തമ്മിലുള്ള കുടമാറ്റം 4.30ഓടെ നടന്നു.
കുടമാറ്റത്തിനു ശേഷം ഇരുവിഭാഗത്തിന്റെയും തിരിച്ചെഴുന്നള്ളിപ്പ്. തുടര്‍ന്ന് വൈകുന്നേരത്തെ വെടികെട്ടുണ്ടായി. പുലര്‍ച്ചെയുള്ള വെടികെട്ട് തുടങ്ങിയത് മൂന്നുമണിയായോടെയാണ്.
പൂരത്തിനിടയില്‍ ലാത്തിചാര്‍ജ്
തിരുവമ്പാടി വിഭാഗത്തെ ഗോപുരവാതിലില്‍ തടഞ്ഞ പോലീസ് ജനങ്ങള്‍ക്കു നേരെ ലാത്തിചാര്‍ജും നടത്തി. കവാടത്തില്‍ തടഞ്ഞപ്പോള്‍ ജനങ്ങള്‍ തള്ളികയറാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്.
തിരുവമ്പാടിയുടെ ഭാരവാഹികള്‍ക്കും ലാത്തിയടി കൊണ്ടു. ലാത്തിചാര്‍ജ് തുടങ്ങിയതോടെ ജനം ചിതറിയോടാന്‍ തുടങ്ങി. നിലത്തുവീണ് പലര്‍ക്കും ചവിട്ടേറ്റു. പോലീസുകാരില്‍ തന്നെ ചിലര്‍ ഇടപെട്ടാണ് ലാത്തിയടി നിര്‍ത്തിപ്പിച്ചത്.
പൂരം നടക്കുന്നതിനിടയില്‍ ക്ഷേത്രമതില്‍കെട്ടിനകത്ത് പോലീസ് ലാത്തിചാര്‍ജ് നടത്തുന്ന സംഭവം ആദ്യമായാണ്.












Click it and Unblock the Notifications