കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മലയാളികളെ സര്‍ക്കാര്‍ അവഗണിക്കുന്നു: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗള്‍ഫ് മലയാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ബജറ്റില്‍ ഒരു പൈസപോലും മാറ്റി വെച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് എ.കെ ആന്റണി. തിരുവനന്തപുരത്ത് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് മലയാളി സംഘടനകളുടെ കോണ്‍ഫറന്‍സ് വിളിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. അടുത്ത കാലത്തായി വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ ഗള്‍ഫില്‍ നിന്നും മടങ്ങി വരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നുവെന്ന് ആന്റണി പറഞ്ഞു.

ബി.ജെ.പിയുമായോ സി.പി.എമ്മുമായോ ഏതെങ്കിലും വിധത്തിലുള്ള ധാരണയോ കൂട്ടുകെട്ടോ ഉണ്ടാകാനുള്ള സാധ്യത ആന്റണി തള്ളി. കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പിയുടെ പിന്തുണ തേടുമോ എന്ന ചോദ്യത്തിനാണ് ബി.ജെ.പിയുമായി ഒരുതരത്തിലുമുള്ള കൂട്ടുകെട്ടിനും സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ഏതു വിഭാഗത്തില്‍ നിന്നുമുള്ള വോട്ടുകളും ഞങ്ങള്‍ സ്വീകരിക്കും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ ഞാന്‍ നിന്നപ്പോള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിപ്രവര്‍ത്തകരുടെ വോട്ടുകള്‍ വരെ എനിക്കു ലഭിക്കുകയുണ്ടായി. എന്നാല്‍ ഞങ്ങള്‍ മാര്‍ക്സിസ്റ് പാര്‍ടിയുമായി കൂട്ടുകെട്ടിലാണെന്ന് ഇതിനര്‍ത്ഥമില്ല, അദ്ദേഹം വിശദീകരിച്ചു.

ബി.ജെ.പി. തൊട്ടുകൂടാത്ത പാര്‍ട്ടിയൊന്നുമല്ലെന്ന കെ. കരുണാകരന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം മഞ്ചേരിയില്‍ വച്ച് കരുണാകരന്‍ തന്നെ അത് നിഷേധിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നിഷ്ക്രിയത്വമുണ്ടെന്ന ആരോപണം ശരിയല്ല. പരമ്പരാഗതമായി നിലനിന്ന പ്രതിപക്ഷനിലപാടിനെക്കുറിച്ചുള്ള കാഴ്ചപാടില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉടലെടുക്കുന്നത്. കുറച്ചുകൂടി കര്‍ക്കശമായി പ്രതികരിക്കേണ്ടിയിരുന്നുവെന്ന അഭിപ്രായം പലഭാഗത്തും നിന്നും ഉണ്ടായിട്ടുണ്ട്, ആന്റണി പറഞ്ഞു.

ജനകീയ പോലീസ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരിക്കും ഉണ്ടാകുകയെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വ്യാപകമായ ബൂത്ത് പിടിത്തം നടത്താനാണ് ജനകീയ പോലീസ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X