വീരേന്ദ്രകുമാര്‍ - കുറുപ്പ് ചര്‍ച്ച അലസി, ജനതാദളിലെ പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: ജനതാദള്‍ ഔദോഗിക വിഭാഗം നേതാക്കളുമായി മുന്‍ മന്ത്രി പി.ആര്‍ കുറുപ്പ് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതേ തുടര്‍ന്ന് ജനതാദളിലെ ആഭ്യന്തരപ്രതിസന്ധി രൂക്ഷമായി.
ജനതാദള്‍ പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടുള്ള വസതിയിലാണ് ഔദോഗിക വിഭാഗം നേതാക്കളും കുറുപ്പ് പക്ഷവുമായി ചര്‍ച്ച നടന്നത്. എം.പി. വീരേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് ന്ിന്ന് നീക്കുക, നീലലോഹിതദാസന്‍ നാടാരെ നിയമസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുറുപ്പ് പക്ഷം മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ഇവ പരിഗണിക്കാനാവില്ലെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
കുറുപ്പ് പക്ഷം കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതൃത്വവുമായി അവസാനമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്താനും അതില്‍ അനുകൂലമായ മറുപടി ലഭിക്കാത്ത പക്ഷം ഭാവിപരിപാടികള്‍ നിശ്ചയിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചത്തെ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ജനതാദളില്‍നിന്നും വിട്ടുപോകുന്നതടക്കമുള്ള നീക്കങ്ങളെക്കുറിച്ച് കുറുപ്പ് പക്ഷം ആലോചിക്കുമെന്ന് അറിയുന്നു.












Click it and Unblock the Notifications