• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സി.പി.എം. സോണിയയോട് നന്ദിപറയുക

  • By Super

സി.പി.എം. സോണിയയോട് നന്ദിപറയുക

നിരാശ പിണറായിക്കും കുഞ്ഞാലിക്കുട്ടിക്കും

അതെ, സി. പി. എമ്മിന് ഒരുരക്ഷപ്പെടല്‍ തന്നെയാണ് സംഭവിച്ചത്. പക്ഷേ പിണറായി വിജയനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇത് ഒരു നഷ്ടക്കച്ചവടം ആകുകയും ചെയ്തു.

സി.പി.എമ്മിലെ ലീഗ് അനുകൂലികളും ലീഗിലെ ഇടതുമുന്നണി നോക്കികളും വ്യക്തമായ രാഷ്്ട്രീയ ലക്ഷ്യങ്ങളോടെയാണ് കരുക്കള്‍ നീക്കിയിരുന്നത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരാന്‍ വിഷമമാണെന്നും കുഞ്ഞാലിക്കുട്ടിയുടെയും ഇന്നത്തെ നിലയില്‍ ഇടതുമുന്നണിക്ക് അധികാരം നിലനിര്‍ത്താനാവില്ലെന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെയും കണക്കുകൂട്ടലാണ് ലീഗിനെ യു.ഡി എഫില്‍ എത്തിക്കാനുളള മാസ്റ്റര്‍ പ്ളാനിന് തുടക്കമായത്. വീണ്ടും ഒരു തിരഞ്ഞെടുപ്പുവിജയം ഒരു സംശയത്തിനും പഴുതില്ലാതെ ഉറപ്പാക്കുക എന്ന പിണറായി വിജയന്റെ വ്യക്തിപരമായ രാഷ്ട്രീയലക്ഷ്യവും ഈ നിക്കത്തിനു പിന്നിലുണ്ടായിരുന്നു.. താന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ പാര്‍ട്ടിയും മുന്നണിയും തോല്‍ക്കരുതല്ലോ. അധികാരം നിലനിര്‍ത്തുക, വീണ്ടും അധികാരത്തിന്‍െ ഭാഗമാവുക എന്ന മിനിമം പരിപാടിയായിരുന്നു മുന്നണിവിട്ട് മുന്നണിയില്‍ ചേരലിന്റെ പിന്നിലുണ്ടായിരുന്ന രാഷ്ട്രീയം എന്നു സാരം. അധികാരം രണ്ടകൂട്ടര്‍ക്കും അത്യാവശ്യവുമായിരുന്നു.

രാഷ്ട്രീയതാല്‍പ്പര്യങ്ങളേക്കാളുപരി സി.പി.എമ്മിന്റെ സാമ്പത്തിക-വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അധികാരത്തിന്റെ കവചം പാര്‍ട്ടിക്ക് എന്നത്തേക്കാളധികം ആവശ്യമുളള സമയമാണ്. (വി.എസ്സിനെപ്പോലുളള പഴഞ്ചന്‍മാര്‍ക്ക് അത് മനസ്സിലാവുകയില്ല) എല്‍.ഡി. എഫിന്റെ അലമാരയിലുളള ചില ഫയലുകളും, ഓഡിയോ വീഡിയോ കാസറ്റുകളും കുഞ്ഞാലിക്കുട്ടിയുടെ പേടി സ്വപ്നങ്ങളാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എമ്മുമായുളള സഹവാസമാണ്, അധികാരം പങ്കിടലാണ് നല്ല വഴി എന്നു മനസ്സിലാക്കാന്‍ ഏറെ രാഷ്ട്രീയ പാണ്ഡിത്യം വേണ്ടല്ലോ.

ഈ അനുരാഗ നദി നിര്‍വിഘ്നം ഒഴുകുന്നതിനിടക്കാണ് വില്ലന്റെ- വി.എസ്സിന്റെ പ്രവേശം. വി.എസ്സ് എന്ന അപകടസാദ്ധ്യതയെ പിണറായിയും കൂട്ടരും മുന്‍കൂട്ടി കണ്ടില്ല എന്നുണ്ടോ അതോ നിസ്സാരമായികണ്ടോ. എന്തായാലും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലെ അപകടാവസ്ഥ അച്ച്യുതാനന്ദന്‍ മുന്‍കൂട്ടി മനസ്സിലാക്കി.

ലീഗിനെ മുന്നണിയിലെടുക്കുന്നതിനെതിരായ നിലപാട് സ്വീകരിക്കുന്നതില്‍ വി.എസ്സിന്റെ പ്രഖ്യാപിതമായ വര്‍ഗ്ഗീയകക്ഷി വിരുദ്ധമനോഭാവം ഒരു പ്രധാന ഘടകമായി വര്‍ത്തിച്ചിരിക്കുന്നു എന്നത് നേര്. അധികാരത്തിലേക്കുളള കുറുക്കു വഴി എന്ന നിലയില്‍ ലീഗടക്കമുളള കക്ഷികളുമായി ചങ്ങാത്തം ആവാം എന്ന ബദല്‍ രേഖ കൊണ്ടുവന്ന എം.വി. രാഘവനെ പുറത്താക്കിയ പാര്‍ട്ടിപാരമ്പര്യമാണ് വി.എസ്സ് പിന്‍തുടര്‍ന്നത്. എങ്കിലും ഒരു പാര്‍ശ്വഘടകമായി രാഷ്ട്രീയാധികാരം ഒപ്പം നിന്നിരുന്നു എന്ന് വേര്‍തിരിച്ചറിയാതെ വയ്യ. പക്ഷേ താന്‍ അദ്ധ്യക്ഷസ്ഥാനത്തിരിക്കുന്ന അധികാര സംവിധാനമായിരുന്നു ആ പരിണിത പ്രജ്ഞന്റെ മനസ്സില്‍ എന്നുമാത്രം.

മുസ്ളിം ലീഗ് എല്‍.ഡി. എഫിന്റെ ഭാഗമാവുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരടങ്ങുന്ന ഇടതുമുന്നണി മലബാറിലെ സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് വരികയും ചെയ്യുന്ന രംഗം വി.എസ്സിന് അത്ര പ്യാംമായിരിക്കില്ല. സ്വന്തം തട്ടകമായ തെക്കന്‍ കേരളത്തില്‍ ലീഗ് കണക്ക്ഷന്‍ സി.പി.എമ്മിന് ദോഷമായി ഭവിക്കുമെന്നും അദ്ദേഹത്തിനറിയാം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി ചുണ്ടിനും കപ്പിനുമിടക്ക് പലവട്ടം നഷ്ടപ്പെട്ടയാളാണ് . ഇത്രയേറെ പ്രവര്‍ത്തന പാരമ്പര്യം ഉളള ഒരു നേതാവ്, ഒരു തവണയെങ്കിലും മുഖ്യമന്ത്രി പദവി കാംക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്. മലബാറിലെ വര്‍ഗ്ഗീയ ഭൂരിപക്ഷവുമായി ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നു ഗണിക്കാന്‍ പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാടിനെ തേടിപ്പോവേണ്ട കാര്യമില്ല. പിണറായിയേയും കുഞ്ഞാലിക്കുട്ടിയേയും പോലെയുളള എന്നാല്‍ അവരെക്കാള്‍ കളി എത്ര കണ്ട രാഷ്ട്രീയക്കാരനാണ് വി.എസ്സ് !

ലീഗ് ഇടതുമുന്നണിയില്‍ ചേരാന്‍ തയ്യാറാവുകയും അവരെ സ്വീകരിക്കണമെന്ന് പിണറായി വിജയന്‍ അടക്കമുളള മലബാര്‍ ലോബി നിര്‍ബന്ധം പിടിക്കുകയും ചെയ്തിരുന്നെങ്കില്‍ സി.പി. എമ്മിലെ സമവാക്യങ്ങള്‍ മുഴുവന്‍ കീഴ്മേല്‍ മറിയുമായിരുന്നു. വി.എസ്സിനെ നിസ്സാരവല്‍ക്കരിച്ചു മാറ്റിനിര്‍ത്താന്‍ ആവുമായിരുന്നില്ല എന്നതിന് പാര്‍ട്ടിയുടെ കഴിഞ്ഞ കേന്ദ്രസമിതിയും സംസ്ഥാനസമിതിയും തന്നെ തെളിവ്. കേന്ദ്ര സമിതിയില്‍നിന്ന് ലീഗ് ബന്ധത്തിന് പച്ചക്കൊടി നേടാന്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു സംഘം ശ്രമിച്ചതാണ്. സുര്‍ജിതിനോട് ഒരല്‍പ്പം അനുഭാവം ഉണ്ടായിരുന്നു താനും. പക്ഷേ അച്ച്യുതാന്ദന്‍ ഈ ശ്രമത്തിനെതിരെ കരുക്കള്‍ നീക്കി. ബംഗാളിലെ സഖാക്കള്‍ വി.എസ്സിന്റെ ലൈനിനൊപ്പമാണ് നിന്നത്. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ്സുമടങ്ങുന്ന മഹാസഖ്യത്തെ വര്‍ഗ്ഗീയമുന്നണി എന്ന പേരില്‍ എതിര്‍ക്കുന്ന ബംഗാള്‍ ഘടകത്തിന് എങ്ങനെ പാര്‍ട്ടി കേരളത്തില്‍ മറ്റൊരു വര്‍ഗ്ഗീയ കക്ഷിയുമായി ചേരുന്നതിനെ ന്യായീകരിക്കാനാവും.പിണറായിയുടേയും കൂട്ടരുടേയും നീക്കം പാളി. സംസ്ഥാനകമ്മറ്റി യോഗത്തിലും ഇതുതന്നെയാണുണ്ടായത്. വര്‍ഗ്ഗീയ കക്ഷികളോടുളള നിലപാടില്‍ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടല്ലാത്ത സാഹചര്യത്തില്‍ ലീഗിനെ ചേര്‍ക്കുന്നതിനെക്കുറിച്ചുളള ആലോചനയേ വേണ്ട എന്ന് പറഞ്ഞ് സംസ്ഥാനക്കമ്മിറ്റിയും ആ നിര്‍ദ്ദേശം തളളി.

ഇതൊക്കെ കാണിക്കുന്നത് പാര്‍ട്ടിയില്‍ വി.എസ്സിന് ഇപ്പോഴുളള സ്വാധീനത്തെയാണ്. അതിനെ വെല്ലുവിളിച്ച് ലീഗിനു വേണ്ടി ഔദ്യോഗിക പക്ഷം വാദിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുമായിരുന്നെങ്കില്‍ സ്ഥിതി സ്ഫോടനാത്മകമായിരുന്നു. ലീഗ് പ്രശ്നം ഉയര്‍ന്നപ്പോള്‍ അതിനെ എതിര്‍ത്തും ചില അവസരങ്ങളില്‍ അച്ച്യുതാനന്ദനെതിരെ പിണറായിയോട് അടുപ്പം കാട്ടിയും സി.ഐ. ടി. യു വിഭാഗം തന്ത്രപൂര്‍വം കളിക്കുകയാണ്. പാര്‍ട്ടി സംസ്ഥാനസമ്മേളനം അടുത്തുവരുന്നു. ബ്രാഞ്ചുതലം മുതലുളള തെരഞ്ഞെടുപ്പുകള്‍ ഒരിക്കല്‍ക്കൂടി പാര്‍ട്ടിയിലെ ശക്തി പരീക്ഷണത്തിനുളള വേദികളായേക്കാം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം. ഈ സാഹചര്യത്തില്‍ ലീഗിന്റെ പേരിലുണ്ടാകാമായിരുന്ന ചേരിതിരിവ് സി.പി.എമ്മിനെ പാര്‍ട്ടിചരിത്രത്തിലെ മറ്റൊരു നാല്‍ക്കവലയില്‍ കൊണ്ടു നിര്‍ത്തുമായിരുന്നു. സോണിയാഗാന്ധിക്ക് നന്ദി പറയുക, ലീഗിന്റെ നിലപാട് പ്ര0ഖ്യാപനത്തോടെ അത്തരമൊരു പ്രതിസന്ധിയുടെ സാദ്ധ്യതയാണ് ഇല്ലാതായിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more