ശ്രീലങ്കയില്‍ യുദ്ധം രൂക്ഷം, പുലികള്‍ ജാഫ്നയ്ക്കടുത്തെത്തി
ലണ്ടന്‍: വടക്കന്‍ ജാഫ്നയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ ശ്രീലങ്കന്‍ സൈന്യം ശ്രമിക്കുന്നതിനിടെ എല്‍.ടി.ടി.ഇ. ആക്രമണം വീണ്ടും രൂക്ഷമാക്കി. എല്‍.ടി.ടി.ഇ. നടത്തിയ ആക്രമണം മൂലം പല സൈനികകേന്ദ്രങ്ങളില്‍ നിന്നും സൈന്യത്തിന് പിന്മാറേണ്ടി വന്നിട്ടുണ്ടെന്ന് ഒരു സൈനികവക്താവ് ബുധനാഴ്ച അറിയിച്ചു.
മൂന്നു ദിവസങ്ങള്‍ക്കു ശേഷം നടക്കുന്ന ശക്തമായ ആക്രമണമാണിത്. തന്ത്രപ്രധാനമായ ജാഫ്ന പിടിച്ചടക്കാനുള്ള ശ്രമത്തില്‍ എല്‍.ടി.ടി.ഇ. തീവ്രവാദികള്‍ മേഖലയ്ക്ക് 15 കിലോമീറ്റര്‍ അകലെയുള്ള ചാവക്കച്ചേരിയില്‍ എത്തിയതായാണ് കരുതപ്പെടുന്നത്.
ജാഫ്നയ്ക്ക് കിഴക്കുള്ള നവാത്കുലിയിലെയും തച്ചന്‍തോപ്പിലെയും സൈനികകേന്ദ്രങ്ങള്‍ തങ്ങള്‍ കീഴടക്കിയെന്നും വടക്കുഭാഗത്തുള്ള കൈതാടിയിലേക്ക് മുന്നേറുകയാണെന്നും ചൊവാഴ്ച പുലികള്‍ അവകാശപ്പെട്ടിരുന്നു.
അതേ സമയം എല്‍.ടി.ടി.ഇ. ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ബോംബുവര്‍ഷം തുടരുകയാണെന്ന് സര്‍ക്കാര്‍ വക്താവ് ആരോപിച്ചു. പുലികള്‍ക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന വാഹനം വ്യോമസേന തകര്‍ത്തെന്ന് ശ്രീലങ്ക റേഡിയോ റിപ്പോര്‍ട്ടു ചെയ്തു. ജാഫ്നയ്ക്കു സമീപം നടത്തിയ വ്യോമാക്രമണത്തില്‍ പുലികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയെന്ന് സര്‍ക്കാര്‍ ചൊവാഴ്ച അവകാശപ്പെട്ടിരുന്നു.
ചൊവാഴ്ച രാത്രി വലിയ ആക്രമണമൊന്നുമുണ്ടായില്ലെന്നും കൊളുംബുതുറായില്‍ സൈന്യം എല്‍.ടി.ടി.ഇ ക്ക് കനത്ത നാശം വിതച്ചുമെന്നും സൈനികവക്താവ് ബ്രിഗേഡിയര്‍ പലിത ഫെര്‍ണാണ്ടോ അവകാശപ്പെട്ടു.












Click it and Unblock the Notifications