ഫിജിയില്‍ അടിയന്തിരാവസ്ഥ
കാന്‍ബറ: ഫിജിയില്‍ പ്രസിഡണ്ട് റതു സര്‍ കമിസീസ് മാറ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് രാജ്യത്തിന്റെ ഭരണം കൈമാറാന്‍ അദ്ദേഹം അട്ടിമറിക്ക് നേതൃത്വം നല്‍കിയ നേതാക്കളോട് ആവശ്യപ്പെട്ടതായി ആസ്ത്രേലിയന്‍ റേഡിയോ റിപ്പോര്‍ട്ടു ചെയ്തു.
വെള്ളിയാഴ്ച രാവിലെ പാര്‍ലമെന്റിലേക്ക് ഇരച്ചു കയറിയ ആയുധധാരികള്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മന്ത്രിസഭാംഗങ്ങളെയും ബന്ദികളാക്കിയിരിക്കുകയാണ്.
അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജോര്‍ജ് സ്പെയ്റ്റ്, സര്‍ക്കാരിന്റെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷകക്ഷിയിലെ റാതു തിമോക്കി സിലാതോലുവിനെ പ്രധാനമന്ത്രിയായി അവരോധിച്ചിരിക്കുകയാണ്. ഭരണം തിരിച്ചു നല്‍കണമെന്ന പ്രസിഡണ്ടന്റെ ആവശ്യം സ്പീറ്റ് നിരാകരിച്ചതായാണ് അറിയുന്നത്.
ബിസിനസുകാരനായ സ്പെയ്റ്റ് പ്രതിപക്ഷ പാര്‍ലമെന്റംഗമായ സാം സ്പെയ്റ്റിന്റെ മകനാണ്. ഫിജിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ അട്ടിമറി നടത്തിയതെന്ന് സ്പെയ്റ്റ് അവകാശപ്പെടുന്നു.
ഫിജി അസോസിയേഷന്‍ പാര്‍ട്ടി (എഫ്.എ.പി.) നേതാവ് റാതു ത്വാകിതോ കോകനാട്ടു ഉള്‍പ്പെടെ എട്ട് പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ പുതിയ പ്രധാനമന്ത്രി സിലാതോലുവിനുണ്ടെന്ന് കരുതുന്നു.
പാര്‍ലമെന്റ് പുനസ്ഥാപ്പിക്കാന്‍ മുന്‍ പ്രാനമന്ത്രി സിതിവേനി റബൂക്കയും അട്ടിമറിക്ക് നേതൃത്വം നല്‍കിയവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ആര്‍മി കമാന്റര്‍ റാതു എപേലി നൈലാതികോവിനെ പുറത്താക്കിയാണ് റബൂക്ക 87-ല്‍ പ്രധാനമന്ത്രിയായത്.
അട്ടിമറിക്കുശേഷം ഫിജിയിലങ്ങിങ്ങോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. തലസ്ഥാനമായ സുവായിലും മറ്റിടങ്ങളിലും കൊള്ളയും നടക്കുന്നുണ്ട്. കടകളും വാണിജ്യസ്ഥാപനങ്ങളും സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. സുവായില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതു കാരണം സുവായിലെ ജനങ്ങള്‍ ബസ്സ്റാന്റുകളില്‍ കുടുങ്ങിയിരിക്കുകയാണ്. അട്ടിമറി നടന്ന ഉടനെത്തന്നെ ഫിജിയിലേക്കുള്ള ടെലഫോണ്‍ ബന്ധം മുടങ്ങിയിരുന്നു.












Click it and Unblock the Notifications