ഫിജിയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചു വരുന്നു
ന്യൂദില്ലി: ഫിജിയില്‍ പാര്‍ലമെന്റ് ആക്രമിച്ച് ഒരു പറ്റം ആയുധധാരികള്‍ പ്രധാനമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ബന്ദികളാക്കിയ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ.
സുവായിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ ഇവിടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് അവര്‍ക്കും അറിയില്ല. ഞങ്ങള്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണ്, വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.
ഇന്ത്യന്‍ ഭൂരിപക്ഷ പാര്‍ലമെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫിജിയില്‍ അട്ടിമറി നടന്നത്. ഇന്ത്യാ അനുകൂല നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയുടെ നേതൃത്വത്തിലുള്ള ഫിജി സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.
പട്ടാള അട്ടിമറിയാണെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചെങ്കിലും ന്യൂസിലാണ്ടിലെ വിദേശകാര്യ മന്ത്രാലയം ആ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്. പട്ടാളക്കാര്‍ അവരുടെ ബാരക്കുകളില്‍ തന്നെയുള്ളതും 87-ല്‍ അട്ടിമറി നടത്തിയ സിതിവേനി റബൂക്ക പ്രധാനമന്ത്രിയെ മോചിപ്പിക്കാന്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തുന്നതുമാണ് അവര്‍ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications