ഫിജി പാര്‍ലമെന്റില്‍ അക്രമം, പ്രധാനമന്ത്രിയെ ബന്ദിയാക്കി
സുവാ: ഫിജിയിലെ പാര്‍ലമെന്റിലേക്ക് ഇരച്ചു കയറിയ ആയുധധാരികള്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ ബന്ദിയാക്കി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4 മണി) സാധാരണ വേഷത്തില്‍ ചെന്ന ഏഴു ആയുധധാരികളാണ് പാര്‍ലമെന്റ് പിടിച്ചടക്കിയതെന്ന് ആസ്ത്രേലിയന്‍ ബ്രോഡ്കാസ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടു ചെയ്തു.
ചൗധരിക്കു പുറമെ ഏഴു മന്ത്രിസഭാ അംഗങ്ങളും ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫിജിയിലേക്കുള്ള ടെലിഫോണ്‍ ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്.
ആയുധധാരികളുടെ ആവശ്യമെന്താണെന്ന് അറിവായിട്ടില്ല. ഇന്ത്യന്‍ ഭൂരിപക്ഷ പാര്‍ലമെന്റില്‍ ചൗധരിയുടെ ലേബര്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. കുറെ ഇന്ത്യന്‍ അനുകൂല നടപടികളെടുത്തതിന്റെ പേരില്‍ ചൗധരിയുടെ സര്‍ക്കാര്‍ വിമര്‍ശനത്തിന് പാത്രമായിരുന്നു.
ബ്രിട്ടീഷ് കോളനിയായിരുന്ന ഫിജി 1970-ലാണ് സ്വാതന്ത്യ്രം നേടിയത്. 87-ല്‍ ലഫ്റ്റനന്റ് കേണല്‍ സിറ്റിവേനി റബൂക്കയുടെ നേതൃത്വത്തിലുള്ള പട്ടാളം ഇന്ത്യന്‍ ഭൂരിപക്ഷ കൂട്ടുകക്ഷിമന്ത്രിസഭയില്‍ നിന്നും അധികാരം പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications