ടാറ്റാ ടീ വിവാദത്തില്‍ സ്പീക്കര്‍ ഇടപെട്ടു
തിരുവനന്തപുരം: ടാറ്റാ ടീ വിവാദം ശ്രദ്ധാപൂര്‍വം പഠിക്കുകയാണെന്ന് സ്പീക്കര്‍ എം വിജയകുമാര്‍ ശനിയാഴ്ച പറഞ്ഞതോടെ ഈ പ്രശ്നം ഒരു വഴിത്തിരിവിലെത്തി. ടാറ്റാ ടീ ലിമിറ്റഡിനെ കുറ്റക്കാരെന്ന് കണ്ടുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കേരള അസംബ്ലി അഷ്വറന്‍സ് കമ്മറ്റി സമര്‍പ്പിച്ചിരുന്നു.
ഡെപ്യൂട്ടി സ്പീക്കറില്‍ നിന്നും അഷ്വറന്‍സ് കമ്മറ്റി ചെയര്‍മാനില്‍ നിന്നും ടാറ്റാ ടീ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പറഞ്ഞു. കമ്മറ്റിയും ഡെപ്യൂട്ടി സ്പീക്കറും തമ്മില്‍ ഈ പ്രശ്നത്തില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ സാധുതയെ ഡെപ്യൂട്ടി സ്പീക്കര്‍ സി എ കുര്യന്‍ ചോദ്യം ചെയ്തിരുന്നു. (പിന്നീട് അദ്ദേഹം ഇത് നിഷേധിച്ചു.) കമ്മറ്റി ഇത് ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ഒന്നുകില്‍ നിക്ഷിപ്ത താല്‍പര്യമുള്ള ചിലര്‍ കമ്മറ്റിയെ തെറ്റിധരിപ്പിച്ചു, അല്ലെങ്കില്‍ വസ്തുതകള്‍ കമ്മറ്റി ശരിക്കു പഠിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് ടാറ്റാ ടീ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. മാര്‍ച്ച് 28 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 50,000 ഏക്കര്‍ വനഭൂമി ടാറ്റാ ടീ കമ്പനിയുടെ പക്കല്‍ അനധികൃതമായി ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. സര്‍വേ നടത്തി സര്‍ക്കാര്‍ ഈ ഭൂമി തിരിച്ചെടുക്കണം എന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications