പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫിജി പ്രസിഡണ്ട്
സുവാ: ഫിജി പ്രധാനമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ബന്ദിയാക്കിയ വിമതര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫിജി പ്രസിഡണ്ട്. പ്രസിഡണ്ട് റതു കമീസേസെ മാര രാജിവെച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നായിരുന്നു ഭീഷണി.
എന്നാല്‍ വിമതരുടെ ആവശ്യങ്ങള്‍ താനംഗീക്കില്ലെന്ന് പ്രസിഡണ്ട് വ്യക്തമാക്കി. വിമതരുടെ നേതാവ് ജോര്‍ജ് സ്പെയ്റ്റിനെ കണ്ട് ചര്‍ച്ച നടത്തണമെന്ന വിമതരുടെ ആവശ്യം ഉടന്‍ തന്നെ നിരാകരിച്ചെന്ന് മാര പറഞ്ഞു.
സ്പെയ്റ്റ് പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ബന്ദികളെ ഓരോന്നായി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അവര്‍ യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ രാജിവെക്കണമെന്നും അവരെ രാജ്യം ഭരിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു. അത്രയും ചെയ്യാന്‍ എനിക്ക് സാധ്യമല്ലെന്ന് ഞാന്‍ അവരോട് വ്യക്തമാക്കി.
ഫിജിയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ പുറത്താക്കി താന്‍ പ്രധാനമന്ത്രിയായി അവരോധിതനായെന്ന് സ്പെയ്റ്റ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പാര്‍ലമെന്റ് മന്ദിരത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ബന്ദികളായി കഴിയുകയാണ്.
അതേ സമയം ദേശീയപാര്‍ട്ടികളുടെ ഒരു കൂട്ടുകക്ഷി സ്പെയ്റ്റിനെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ പ്രസിഡണ്ടും സൈന്യവും പോലീസും ചൗധരി സര്‍ക്കാരിനെയാണ് പിന്തുണക്കുന്നത്. ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫിജിയിലെ തൊഴില്‍ സംഘടനകള്‍ തിങ്കളാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications