നേതൃമാറ്റം: കരുണാകര വിഭാഗം തുറന്ന യുദ്ധത്തിന്
തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കരുണാകര വിഭാഗം തുറന്ന യുദ്ധത്തിന് ഒരുങ്ങുന്നു. ഞായറാഴ്ച നടന്ന രഹസ്യയോഗവും രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കോണ്‍ഗ്രസ്സിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തില്‍ മാറ്റം വേണമെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടത്. 29ന് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശരക്ഷാറാലി പരാജയമാക്കാനും അതിന് ബദലായി ജൂണ്‍ ഒന്നിന് തൃശൂരില്‍ സംഘടിപ്പിക്കുന്ന റാലി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ ഇന്നലത്തെ യോഗത്തില്‍ കരുണാകര വിഭാഗത്തിന്റെ വക്താക്കളായിരുന്ന പല എം.എല്‍.എമാരും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.
വൈകുന്നേരം ബാങ്ക് എംപ്ലോയീസ് ഹാളില്‍ രാജീവ് ഗാന്ധി അനുസ്മരണസമിതിയുടെ പേരില്‍ സംഘടിപ്പിച്ച അനസ്മരണസമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ കരുണാകര വിഭാഗത്തിന്റെ യുദ്ധ പ്രഖ്യാപനമായി. ഇടക്കാലത്ത് കരുണാകരന്‍ ഗ്രൂപ്പില്‍ നിന്നും പുറത്തുപോയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പന്തളം സുധാകരനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് , കെ.എസ്.യു നേതൃത്വങ്ങള്‍ നിര്‍ജ്ജീവമാണെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ നിഷ്പക്ഷരായ ജനങ്ങള്‍ കോണ്‍ഗ്രസ്സുകാരെ തല്ലുന്ന സ്ഥിതിവിശേഷം വരുമെന്നും അദ്ദേഹം പറഞ്ഞു. കരുണാകരനെ അപമാനിക്കുന്ന പ്രസ്താവനകള്‍ എന്ത് വില കൊടുത്തും നേരിടുക, കെ.സി. വേണുഗോപാല്‍ യൂത്ത് കോണ്‍ീഗസ് സ്ഥാനം രാജിവെയ്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിച്ചു. വി.എസ്. ശിവകുമാര്‍ എം.പി അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications