കരുണാകരന്റെ പുതിയ അജണ്ട
കരുണാകരന്റെ പുതിയ അജണ്ട
തക്ക സമയത്തെ കരു നീക്കം
പക്ഷേ, ഏറ്റവും അനുയോജ്യമായ സമയത്താണ് കരുണാകരന്‍ കരുനീക്കിയതെന്ന് മനസ്സിലാവാത്തത് അദ്ദേഹത്തെ നന്നായി അറിയാത്തവര്‍ക്കാണ്. തികഞ്ഞ കോണ്‍ഗ്രസുകാരനാണെങ്കിലും തന്ത്രത്തിന്റെ കാര്യത്തില്‍ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന കമ്മ്യൂണിസ്റ്റ് സമീപനത്തോടാണ് കരുണാകരന് മമത. ആന്റണി അടുത്ത തവണ മുഖ്യമന്ത്രി ആവാതിരിക്കുക, പകരം ആ സ്ഥാനത്ത് താന്‍ തന്നെ വരിക എന്നത് പ്രധാന ലക്ഷ്യമായിരിക്കേ, കരുണാകരന്‍ പിന്നെ എപ്പോഴാണ് നേതൃമാറ്റം എന്ന വെടി പൊട്ടിക്കേണ്ടത്? സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തിരഞ്ഞെടുപ്പും ഒക്കെ കഴിഞ്ഞിട്ടോ?
ഗാന്ധിയനാണെങ്കിലും തല്ലിയാല്‍ തിരിച്ചു കൊടുത്തിരിക്കും എന്നതാണ് തന്റെ നയമെന്ന് കരുണാകരന്‍ പലവട്ടം പ്രഖ്യാപിച്ചിട്ടുളളതാണ്. ഹെറിറ്റേജ് പത്ര സമ്മേളനത്തില്‍ അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു.. നാലരക്കൊല്ലം മുമ്പ് കിട്ടിയ മാരകപ്രഹരത്തിന്റെ നൊമ്പരം അദ്ദേഹം വിസ്മരിച്ചിട്ടില്ല. ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാവരുത് എന്ന ജൂതന്‍മാരുടെ ന്യായപ്രമാണം പോലെ ഞാനല്ലാതെ വേറൊരു ലീഡര്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ല എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന കരുണാകരനെ അപമാനകരമായ രീതിയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഇറക്കിവിട്ടതും, പകരം ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ ആന്റണിയെ മുഖ്യമന്ത്രിയായി വാഴിച്ചതും (ആ വിമാനക്കൂലി ഇതുവരെ ആരും കൊടുത്തിട്ടില്ല !) ഒക്കെ അങ്ങനെയങ്ങു മറക്കാന്‍ ഈ നാലരക്കൊല്ലം പോരാ. മുഖ്യമന്ത്രി സ്ഥാനം പോയ ശേഷം ക്ഷീണകാലമായിരുന്നു. പക്ഷേ സട കൊഴിഞ്ഞാലും സിംഹം, സിംഹം തന്നെയാണ്. മുറിവേറ്റ സിംഹത്തിന് ഉശിരുകൂടുകയും ചെയ്യും.
മാത്രമല്ല പാമോയില്‍ കേസില്‍പ്പെട്ടു കിടക്കുകയാണ്. സി. പി.എം അതിന്റെ പേരില്‍ കരുണാകരനെ പൂട്ടാനുളള എല്ലാ വഴികളും നോക്കിയിരിക്കുന്നു. ഇനി, അവരുടെ കാലം കഴിഞ്ഞ് ആന്റണിയാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ അദ്ദേഹം ലീഡറെ രക്ഷിക്കുമെന്ന് എന്താണുറപ്പ്. ഇത്തരം കാര്യങ്ങളില്‍ നിയമം അതിന്റെ വഴി നോക്കും എന്നതാണ് ആന്റണിയുടെ പ്രഖ്യാപിത നയം. അപ്പോള്‍ പിന്നെ നാലരക്കൊല്ലം മുമ്പത്തെ അവമതിക്കു പകരം ചോദിക്കാനും പാമോയില്‍ പോലുളള കുരിശുകളില്‍ നിന്ന് രക്ഷപ്പെടാനും എന്താണ് പറ്റിയ വഴി. സാധിക്കുമെങ്കില്‍ താന്‍ തന്നെ മുഖ്യമന്ത്രിയാവുക! അതിന് ഇപ്പോള്‍ അല്ലാതെ എപ്പോഴാണ് കരുക്കള്‍ നീക്കുക?
കരുണാകരന്റെ ഹെറിറ്റേജ് പ്രഖ്യാപനത്തിന്റെ പിന്നില്‍ എന്തായിരുന്നു എന്ന സമസ്യയുടെ കുരുക്ക് ഇനിയും അഴിഞ്ഞിട്ടില്ല. മകന്‍ മുരളീധരനെ കെ. പി. സി. സി പ്രസിഡന്റാക്കാനുളള സമ്മര്‍ദ്ദതന്ത്രമായിരുന്നു നേതൃമാറ്റവിഷയം ഉന്നയിച്ചതെന്നായിരുന്നു ആദ്യപ്രതികരണം. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, കൊളളുമ്പോള്‍ ഒരായിരം എന്നതാണ് കരുണാകരന്റെ ശൈലി. മുരളിയുടെ കെ. പി. സി. സി പ്രസിഡന്റ്െ സ്ഥാനലബ്ധിയും ലക്ഷ്യങ്ങളിലൊന്നായിരിക്കാം. പക്ഷേ അവസാനലക്ഷ്യം ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തന്നെയായിരുന്നു. മകന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത് അതിനു സഹായകരമാകുമല്ലോ. തിരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം സാദ്ധ്യമാവുന്നില്ലെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്വന്തക്കാര്‍ക്ക് കൂടുതല്‍ സീറ്റ് വാങ്ങിക്കൊടുക്കാനും അതുവഴി നിയമസഭാ കക്ഷി നേതൃതിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനും മുരളിയുടെ പ്രസിഡന്റ് സ്ഥാനം സഹായിക്കും. ഇനി മുഖ്യമന്ത്രി സ്ഥാനം കിട്ടുന്നില്ലെങ്കില്‍ ആന്റണിക്ക് അത് ലഭിക്കിലെന്ന് ഉറപ്പുവരുത്തുകയെങ്കിലുമാവാമല്ലോ. വിലപേശലിനിടക്ക് മകന് കെ.പി.സി.സി പ്രസിഡന്റ്െ പദവിയും മകള്‍ക്ക് മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ്െ സ്ഥാനവും ചാലക്കുടിയില നിന്നുളള എം. എല്‍. എ സ്ഥാനവും കിട്ടിയാലും നഷ്്്്്്ടക്കച്ചവടമാവില്ലല്ലോ.
ഈ നാടകത്തിന്റെയൊക്കെ പിന്നാമ്പുറങ്ങളില്‍ മറ്റൊരു അവിശുദ്ധബന്ധവും രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു. ആര്‍.ബാലകൃഷ്ണപിളളയും, ടി. എം. ജേക്കബും, എം. വി. രാഘവനും, കെ. ആര്‍. ഗൗരിയമ്മയും കരുണാകരനെക്കണ്ട് യു. ഡി. എഫിന്റെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. എം. വി. ആറിനും ഗൗരിയമ്മക്കും പൊതുവേ കരുണാകരന്റെ ശൈലിയാണ് പഥ്യം. പ്രതിപക്ഷ നേതാവ് എന്ന നിലയിലുളള ആന്റണിയുടെ തണുപ്പന്‍ നയം ഇരുവര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. പക്ഷേ നാലരക്കൊല്ലം മുന്‍പ് കരുണാകരനെ നേതൃസ്ഥാനത്തുനിന്ന് കെട്ടുകെട്ടിക്കാന്‍ ദാഹിച്ച് ദില്ലി വരെ പോയ ജേക്കബിന്റെയും പിളളയുടേയും കാര്യമോ? അവരെ ആന്റണിക്കെതിരേ യോജിപ്പിച്ച പൊതുഘടകം മറ്റൊന്നായിരുന്നു . ഇരുവരും പെട്ടിട്ടുളള അഴിമതിക്കേസ്സുകള്‍. പിളള ഗ്രാഫൈറ്റ് കേസില്‍ ശിക്ഷിക്കപ്പെട്ടു നില്‍ക്കുകയാണ. ജേക്കബാകട്ടെ കരിയാര്‍ക്കുട്ടി-കാരപ്പാറ കേസില്‍ അന്വേഷണത്തെ നേരിടുന്നു. അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തുന്നയാള്‍ എന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ പാടുപെടുന്ന ആന്റണി അടുത്ത തവണ മുഖ്യമന്ത്രിയായാല്‍ നിങ്ങളുടെ സ്ഥിതി എന്താകും എന്ന ചോദ്യം അവരുടെ മനസ്സില്‍ കുത്തിവച്ചത് കോണ്‍ഗ്രസ്സിലെ ഒരു പ്രമുഖനേതാവ് തന്നെയായിരുന്നു. ആ വഴിക്ക് സ്വയം ചിന്തിച്ചാലും അവരെ കുറ്റം പറയാനില്ല. നിലനില്‍പ്പാണല്ലോ രാഷ്ട്രീയത്തിലെ അടിസ്ഥാന ചോദന. പാമോയില്‍ കേസില്‍ കുടുങ്ങിക്കിടക്കുന്ന കരുണാകരന്‍ തന്നെ ലീഡറായി വരുന്നതാണ് തങ്ങള്‍ക്കും നല്ലത് എന്ന അവരുടെ നിഗമനം രാഷ്ട്രീയമായി ശരിതന്നെ.












Click it and Unblock the Notifications