മലയാളം ചാനല്‍ പണമിടപാടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാക്കും
തിരുവനന്തപുരം: മലയാളം ചാനലിന് വേണ്ടിയുള്ള പണമിടപാടുകള്‍ക്ക് കമ്മീഷന്‍ ഒഴിവാക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം. സി.പി.എം നേതൃത്വത്തില്‍ ആരംഭിക്കുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സിനു വേണ്ടി നടത്തുന്ന മുഴുവന്‍ പണമിടപാടുകളും സൗജന്യമാക്കാനാണ് സഹകരണ മന്ത്രിയുടെ ഓഫീസില്‍ നിന്നും വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
നിര്‍ദേശം അനുസരിച്ചാല്‍ ഡ്രാഫ്റ്റുകള്‍, ചെക്കുകള്‍ എന്നിവ വഴി ലഭിക്കേണ്ട കമ്മീഷന്‍ ഇനത്തില്‍ വലിയൊരു തുക ബാങ്കുകള്‍ക്ക് നഷ്ടം വരും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ പണമിടപാടിനെക്കുറിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് അതാത് ജില്ലാസഹകരണ ബാങ്കുകളാണ്. ബന്ധപ്പെട്ടവരില്‍ നിന്നും അപേക്ഷ വാങ്ങി ഇതിനുമേല്‍ തീരുമാനം എടുക്കാനാണ് നിര്‍ദ്ദേശം.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.എം മാനുവല്‍ പ്രസിഡന്റായ ഇടുക്കി ജില്ലാസഹകരണ ബാങ്ക് ഇതിനകം തന്നെ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ഇടപാടുകളില്‍ സൗജന്യം അനുവദിച്ചു കഴിഞ്ഞു. മറ്റ് ജില്ലാ സഹകരണ ബാങ്കുകളും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇത്തരം തീരുമാനം കൈക്കൊള്ളുമെന്നാണറിയുന്നത്.
സ്വകാര്യ ചാനലിന് ബാങ്ക് ഇടപാടില്‍ സൗജന്യം അനുവദിച്ചതു വഴിവിട്ടാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും സഹകരണ രജിസ്ട്രാറുടെ ഉത്തരവനുസരിച്ച് കമ്മീഷന്‍ ഒഴിവാക്കാറുണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സൗജന്യം അനുവദിക്കുന്ന കീഴ്വഴക്കമില്ല.












Click it and Unblock the Notifications