മാലിന്യങ്ങള്‍ കത്തിക്കുന്നത് കാന്‍സറിന് ഇടയാക്കുമെന്ന് ഗ്രീന്‍ പീസ്
തിരുവനന്തപുരം: പ്ലാസ്റിക്കുകളും മാലിന്യങ്ങളും കത്തിക്കുന്നത് കാന്‍സറിന് വഴിതെളിക്കുമെന്ന് അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് മുന്നറിയിപ്പ് നല്‍കി. മാലിന്യസംസ്കരണത്തിന് യുക്തമായ നടപടികള്‍ എടുക്കാത്തതിന് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സംഘടന വിമര്‍ശിച്ചു.
കാന്‍സറിന് കാരണമായേക്കാവുന്ന ഡയോക്സിനുകളുടെയും ലോഹ ധാതുക്കളുടെയും ഉറവിടമാണ് മാലിന്യങ്ങളെന്ന് അടുത്തിടെ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശാസ്ത്രത്തില്‍ ഇന്ന് അറിവായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രാസവിഷമാണ് ഡയോക്സിന്‍ എന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
യു.എസില്‍ ദിനംതോറും നടക്കുന്ന 1,400 കാന്‍സര്‍ മരണങ്ങളില്‍ 100 എണ്ണമെങ്കിലും ഈ രാസപദാര്‍ത്ഥം മൂലമാണെന്ന് റിപ്പോര്‍ട്ടിന്റെ പ്രധാനഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
മാലിന്യങ്ങളും പ്ലാസ്റിക്കുകളും കത്തിക്കുന്നത് മലിനീകരണപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന വാദം തെറ്റാണെന്നു മാത്രമല്ല അനാസ്ഥ കൂടിയാണെന്ന് സംഘടനയുടെ ഏഷ്യാ കാമ്പെയ്നര്‍ നിത്യാനന്ദ് ജയരാമന്‍ കുറ്റപ്പെടുത്തി. അധികാരികള്‍ എന്തു തന്നെ പറഞ്ഞാലും ഡയോക്സിനുകള്‍ കാന്‍സറുണ്ടാക്കുമെന്നതിനും മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ അവ ഉണ്ടാകുന്നുവെന്നതിനും മാറ്റമുണ്ടാകാന്‍ പോകുന്നില്ല, അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംഘടനയായ തണലിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പ്രാഥമിക സര്‍വേയില്‍ കേരളത്തില്‍ മാലിന്യങ്ങള്‍ ചുട്ടുചാമ്പലാക്കുന്നത് വര്‍ധിക്കാനിടയുണ്ടെന്ന് കണ്ടെത്തി. ചുരുങ്ങിയത് 15 ആശുപത്രികളെങ്കിലും മാലിന്യങ്ങള്‍ കത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ പ്ലാസ്റിക്കുകളും മാലിന്യങ്ങളും ചുട്ടുചാമ്പലാക്കണമെന്ന് കേരള സര്‍ക്കാരും കൂടെക്കൂടെ പറയുന്നു, തണലിന്റെ ഭാരവാഹികള്‍ വരാനിരിക്കുന്ന ആപത്തിലേക്ക് വിരല്‍ ചൂണ്ടി.
ഡയോക്സിനുകളെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുനരാലോചനക്ക് വഴിതെളിക്കുമെന്ന് സംഘടന പ്രത്യാശിച്ചു.


Click it and Unblock the Notifications