ഫിജി: ചൗധരി സര്‍ക്കാരിനെ പിരിച്ചുവിട്ടു
സുവാ: ഫിജിയിലെ മഹേന്ദ്ര ചൗധരി സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഇവിടെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് റതു കമീസേസെ മാരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
അടുത്ത തിങ്കളാഴ്ചയോടെ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് മാര വ്യക്തമാക്കി. നിലവിലുള്ള പാര്‍ലമെന്റംഗങ്ങളായിരിക്കും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക.
അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഭരണഘടന പുനരവലോകനം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം സ്പെയ്റ്റ് ബന്ദികളെ പെട്ടെന്നുതന്നെ വിട്ടയക്കുമെന്ന് പ്രത്യാശിച്ചു.
എന്നാല്‍ ചൗധരി സര്‍ക്കാരിനെ പുറത്താക്കുന്നതില്‍ വളരെ വിഷമമുണ്ടെന്ന് മാര പറഞ്ഞു. സര്‍ക്കാരിനെ പുറത്താക്കിയ വിവരം ലോകരാഷ്ട്രങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഫിജി പല വിഷമങ്ങളും നേരിടേണ്ടി വരും. ഫിജിയുമായി വാണിജ്യകാര്യങ്ങളില്‍ നല്ല ബന്ധമുള്ള ആസ്ത്രേലിയയും ന്യൂസിലാണ്ടും ഇത്തരത്തിലുള്ള പ്രവൃത്തിക്കെതിരെ തനിക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് മാര വ്യക്തമാക്കി.
എന്നാല്‍ താന്‍ രാജിവെക്കണമെന്ന സ്പെയ്റ്റിന്റെ ആവശ്യത്തിന് വഴങ്ങില്ലെന്ന് മാര വ്യക്തമാക്കി. മഹാസഭയുടെയും സൈന്യത്തിന്റെയും പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സര്‍വോപരി ജനങ്ങളുടെയും പിന്തുണയുള്ള താനെന്തിന് രാജിവെക്കണമെന്ന് അദ്ദേഹം ചോദിച്ചു.
ഫിജിയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായിരുന്നു മഹേന്ദ്ര ചൗധരി. ഫിജി വംശജരെ അവഗണിക്കുന്നുവെന്നാരോപിച്ച് മെയ് 19-നാണ് ജോര്‍ജ് സ്പെയ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രധാനമന്ത്രിയെയും മറ്റു മന്ത്രിസഭാംഗങ്ങളെയും പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളാക്കിയത്. പിന്നീട് കുറെ പേരെ വിട്ടയച്ചുവെങ്കിലും ഇപ്പോഴും പ്രധാനമന്ത്രിയും മറ്റു 14 പേരും ബന്ദികളായിത്തന്നെ കഴിയുകയാണ്.












Click it and Unblock the Notifications