ഫിജി: ബന്ദിനാടകം തുടരുന്നു
വെല്ലിംഗ്ടണ്‍: പ്രധാനമന്ത്രിയെ പുറത്താക്കിയിട്ടും ഫിജിയിലെ ബന്ദിനാടകം തുടരുന്നു. പ്രസിഡണ്ട് റതു കമീസേസെ മാര രാജിവെക്കാതെ ബന്ദികളെ വിടാന്‍ സാധിക്കില്ലെന്ന് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്.
മഹേന്ദ്ര ചൗധരി സര്‍ക്കാരിനെ പുറത്താക്കാനും പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്പെന്റ്് ചെയ്യാനും പ്രസിഡണ്ട് മാര തീരുമാനിച്ചെങ്കിലും ബന്ദികളെ മോചിപ്പിക്കാന്‍ സ്പെയ്റ്റ് വിസമ്മതിക്കുകയായിരുന്നു. സ്പെയ്റ്റിനെയും കൂട്ടാളികളെയും വിചാരണയില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന നിര്‍ദ്ദേശവും സ്പെയ്റ്റ് നിരാകരിച്ചു.
തന്റെ ആവശ്യങ്ങളുന്നയിച്ച് സ്പെയ്റ്റ് ഇപ്പോള്‍ മഹാസഭ മേധാവികളുമായി സംഭാഷണം നടത്തുകയാണ്. പ്രശ്നത്തിന് രമ്യമായ ഒരു പരിഹാരം ഈ സംഭാഷണത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മഹാസഭ നേരത്തെതന്നെ പ്രസിഡണ്ട് മാരക്ക് പിന്തുണ പ്രഖ്യാപിച്ചതാണ്. മഹാസഭക്കു പുറമെ സൈന്യം, പോലീസ് എന്നിവരുടെ പിന്തുണയും മാരക്കുണ്ട്.
പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയും മറ്റു 14 പേരുമാണ് ഇപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളായി കഴിയുന്നത്. ഇതില്‍ പ്രസിഡണ്ടിന്റെ പുത്രിയായ ടൂറിസം മന്ത്രിയും ഉള്‍പ്പെടും.