ഫിജിയില്‍ കര്‍ഫ്യൂ, മാരയുടെ മകളെ വധിക്കുമെന്ന് സ്പെയ്റ്റ്
സുവ: ഫിജിയുടെ തലസ്ഥാനമായ സുവയില്‍ സൈന്യം പ്രഖ്യാപിച്ച 48 മണിക്കൂര്‍ കര്‍ഫ്യൂ ആരംഭിച്ചു. ഞായറാഴ്ച സ്പെയ്റ്റ് അനുകൂലികള്‍ നഗരത്തില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
അതിനിടെ സൈന്യത്തെ ഉപയോഗിച്ച് ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രസിഡണ്ട് റതു കമീസേസെ മാരയുടെ മകളെ വെടിവെച്ചുകൊല്ലുമെന്ന് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ് ഭീഷണിപ്പെടുത്തി. ആസ്ത്രേലിയന്‍ വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ ഡോണര്‍ കാന്‍ബറയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സുവയില്‍ ഞായറാഴ്ച ഒരു യുവസംഘം നടത്തിയ അക്രമത്തില്‍ ഒരു പോലീസ് ഓഫിസര്‍ കൊല്ലപ്പെടുകയും നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഫിജി ടി.വി. ഓഫീസും തകരുകയും ചെയ്തിരുന്നു. കര്‍ഫ്യൂവിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഫിജിയിലെ വാര്‍ത്തകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാകില്ലെന്ന് ഫിജിലൈവ് വെബ്സൈറ്റ് വ്യക്തമാക്കി.
ബന്ദി നാടകം 11-ാം ദിവസത്തിലേക്ക് കടന്നതോടെ ഫിജിക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം നിലവില്‍ വരുന്നതിന്റെ സൂചനയുമുണ്ട്. സുവായിലേക്ക് വരികയായിരുന്ന ഒരു ജംബോ ജെറ്റ് വിമാനം സിഡ്നിയില്‍ അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ദ്വീപ് രാഷ്ട്രത്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെ ഭാഗമായിട്ടാണിത്.












Click it and Unblock the Notifications