അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി കൊളംബോയിലെത്തി
കൊളംബോ: അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് പിക്കെറിങ് തിങ്കളാഴ്ച്ച കൊളംബോയിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പിക്കെറിങ് ശ്രീലങ്കയിലെത്തിയിരിക്കുന്നത്.
തെക്കേ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീലങ്കയിലെത്തിയ പിക്കെറിങ് ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുമായും മറ്റു രാഷ്ട്രീയനേതാക്കളുമായും ചര്‍ച്ച നടത്തും. ഞായറാഴ്ച്ച ഡല്‍ഹിയിലെത്തിയ പിക്കെറിങ് ഇന്ത്യന്‍ അധികൃതരുമായി ശ്രീലങ്കന്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.
യുദ്ധം നടക്കുന്ന ജാഫ്നയിലെ പുതിയ സ്ഥിതിഗതികളെ കുറിച്ചും മറ്റു സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും പിക്കെറിങ് ശ്രീലങ്കന്‍ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പ്രധാന തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുമായും പിക്കെറിങ് ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ നോര്‍വെ സംഘം ശ്രീലങ്കയിലെത്തി മാധ്യസ്ഥ്യചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേ സമയം ജാഫ്നയില്‍ രൂക്ഷപോരാട്ടം നടക്കുകയാണ്. എല്‍.ടി.ടി.ഇ പ്രഖ്യാപിച്ച 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ യുദ്ധം വീണ്ടും തീവ്രമായി.
കൊളംബുതുറയിലും ചാവക്കച്ചേരിയിലും ഞായറാഴ്ച്ച സൈന്യത്തിനു നേരെ പുലികള്‍ ശക്തമായ ആക്രമണം നടത്തി. മൈന്‍ പൊട്ടിത്തെറിച്ച് ഒരു സൈനിക ഓഫീസര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications