• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ബി. ജെ. പിയിലെ നോവുകളും സി. പി. എമ്മിന്റെ ഇനിയും മരിക്കാത്ത പ്രതീക്ഷകളും

  • By Super

ബി. ജെ. പിയിലെ നോവുകളും സി. പി. എമ്മിന്റെ ഇനിയും മരിക്കാത്ത പ്രതീക്ഷകളും

രവി ഭാസ്കര്‍

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തല്ലിക്കെടുത്തിയത് സി. പി. എമ്മിലെ മലബാര്‍ ലോബിയുടെ മാത്രം സ്വപ്നപുഷ്പങ്ങള്‍ അല്ല. സി. കെ. പത്മനാഭന്റെയും ഒ. രാജഗോപാലിന്റെയും കൂടെ പ്രതീക്ഷകളാണ്. മുസ്ലിം ലീഗ് ഇടതുമുന്നണിയില്‍ ചേക്കേറുന്നതും ഐക്യജനാധിപത്യമുന്നണി ശിഥിലമാവുന്നതും നിരാശയുടെ നില്‍ക്കക്കളളിയില്ലാത്ത കയത്തില്‍ മുങ്ങാന്‍ പോകുന്ന കോണ്‍ഗ്രസ്സിലെ ഒരു വിഭാഗമെങ്കിലും ബി. ജെ. പിയുമായി മഹാസഖ്യമുണ്ടാക്കുന്നതും നിയമസഭയില്‍ ബി. ജെ. പി അക്കൗണ്ട് തുറക്കുന്നതുമൊക്കെ ഗ്രൂപ്പ് പോരാട്ടത്തിന്റെ തിരക്കിനിടക്കും രാജഗോപാലും സി. കെ. യും കണ്ട ശേലുളള കാഴ്ചകളാണ്. പിണറായി വിജയന്റെ ചുവന്ന സ്വപ്നങ്ങളിലും പത്മനാഭന്റെയും കൂട്ടരുടെയും കാവി പ്രതീക്ഷകളിലും പി. കെ. കുഞ്ഞാലിക്കുട്ടിയുടെ വേഷം രക്ഷകന്റേതായിരുന്നു. അതൊക്കെ ഒറ്റ ആഴ്ചകൊണ്ടാണ് ശിഹാബ് തങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞത്.

കേന്ദ്രത്തിലെ അധികാരത്തിന്റെ തണലില്‍ കേരളത്തില്‍ അടിവേരുകളാഴ്ത്താന്‍ കിണഞ്ഞ് ശ്രമിക്കുന്ന ബി. ജെ. പിക്ക് അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ നല്ല കാലമല്ല. ലോക്സഭയില്‍ രണ്ടംഗങ്ങളുമായി തീരെ കച്ചവട സാദ്ധ്യതയില്ലാതിരുന്ന കാലത്ത് ആരും തിരിഞ്ഞുനോക്കാനില്ലാതിരുന്ന ഒരു ചരിത്രമുണ്ടായിരുന്നു അവര്‍ക്ക്. സംഘപരിവാറിനോടുളള പ്രതിബദ്ധത കൈമുതലായ ഒരു സംഘം മാത്രമാണ് താമരക്കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ അന്നുണ്ടായിരുന്നത്. എന്നാല്‍ രണ്ടു തവണയായി അധികാരത്തിന്റെ മത്തുപിടിപ്പിക്കുന്ന രുചി നുണഞ്ഞു തുടങ്ങിയതോടെ പാര്‍ട്ടിയിലേക്ക് ഭാഗ്യാന്വേഷികളുടെ ഒഴുക്കായി.

സി. പി. എമ്മിലോ, കോണ്‍ഗ്രസ്സിലോ പോയിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്ന ഈ രാഷ്ട്രീയ പുതുപ്പണക്കാര്‍ക്ക് ചേക്കേറാന്‍ പറ്റിയ സ്ഥലമായി ബി. ജെ. പി. ഉളളിലായിക്കഴിഞ്ഞാല്‍ അധികാരസ്ഥാനങ്ങളില്‍ നോട്ടമിടുന്നത് സ്വാഭാവികം. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയിലെ പദവികള്‍ക്ക് വിലകൂടുന്നതിന്റെ ഉദാഹരണമാണ് ബി. ജെ. പിയിലെ കഴിഞ്ഞ സംസ്ഥാനതല സംഘടനാ തിരഞ്ഞെടുപ്പില്‍ കണ്ടത്. തിരഞ്ഞെടുപ്പ് ഏകകണ്ഠമാക്കാന്‍ ഒ. രാജഗോപാലിനെപോലെ പാരമ്പര്യമുളള ഒരു നേതാവിന് മത്സരംഗത്തുനിന്ന് പിന്‍മാറേണ്ടിവന്നു. അല്ലെങ്കില്‍ പരാജയഭീതി കൊണ്ട് അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനായി.

ആര്‍. എസ്സ്. എസ്സിലെ അച്ചടക്കത്തിന്റെ പിന്‍തുടര്‍ച്ച കേരളത്തിലും ബി. ജെ. പിയില്‍ പ്രകടമായിരുന്നു. കേഡര്‍പാര്‍ട്ടി എന്ന മേല്‍വിലാസവും പണ്ടേ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഈ മുഖംമൂടികളൊക്കെ പിച്ചിച്ചീന്തപ്പെടുന്നതാണ് കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ ദൃശൃമായത്. അച്ചടക്കത്തിന്റെയും പ്രതിബദ്ധതയുടെയും മിനുപ്പുളള മേലാവരണത്തിനടിയില്‍ കോണ്‍ഗ്രസ്സിലെപ്പോലെ ചീഞ്ഞ ഗ്രൂപ്പ് വിദ്വേഷവും വ്യക്തിവിദ്വേഷവും മാലോകര്‍ കണ്ടു. വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയപ്പോഴേക്ക് സംഘടനാപരമായ ദൗര്‍ബല്യങ്ങളും ഒപ്പം പുറത്തുവന്നു.

സി. കെ. പത്മനാഭനും പി.പി. മുകുന്ദനും ഒരു ഭാഗത്തും പഴയ കുതിരകളായ ഒ. രാജഗോപാലും കെ. രാമന്‍പിളളയും മറ്റും എതിര്‍ വശത്തുമായാണ് ബി. ജെ. പിയിലെ ഗ്രൂപ്പ് കളിയുടെ ലൈനപ്പ് തെളിയുന്നത്. മുകുന്ദന്‍ ആര്‍. എസ്. എസ്സില്‍ നിന്ന് നിയോഗിക്കപ്പെട്ട ആളാണ്. അതുകൊണ്ട് തന്നെ പത്മനാഭന്‍ - മുകുന്ദന്‍ അച്ചുതണ്ട് ആര്‍. എസ്. എസ്. ഗ്രൂപ്പായി ചിത്രീകരിക്കപ്പെട്ടു. മറുവിഭാഗം ആര്‍. എസ്. എസിന് അനഭിമതരായും. തികഞ്ഞ ആര്‍. എസ്. എസ് പാരമ്പര്യമുളള , കുടിക്കുന്ന വെളളത്തിലും ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലും സംഘപരിവാറിനെ ദര്‍ശിക്കുന്ന രാജഗോപാലിനെയും രാമന്‍പിളളയെയും പോലുളള പഴമക്കാര്‍ ഏതു ദശാസന്ധിയിലാണ് ആര്‍. എസ്. എസ് വിരുദ്ധരായത് എന്നറിയില്ല. എന്തായാലും ജില്ലാതല സംഘടനാ തിരഞ്ഞെടുപ്പുകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പൊടി പൊടിച്ചു.

രാമന്‍പിളള പിന്‍മാറിയപ്പോഴാണ് സി. കെ. പത്മനാഭന്‍ പ്രസിഡന്റ് സഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മത്സരിച്ചിരുന്നെങ്കില്‍ പിളള തോല്‍ക്കുമായിരുന്നു എന്നുറപ്പ്. പക്ഷേ ദേശീയകൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ചേരിപ്പോരിന്റെ ഏറ്റവും ഭീഷണമായ മുഖം തെളിഞ്ഞു. പേരിനെങ്കിലും ദേശീയനേതൃപദവി ഉളള കേരളത്തിലെ ഏകനേതാവായ ഒ. രാജഗോപാലിന് ദേശീയകൗണ്‍സിലില്‍ എത്താന്‍ കഴിയാതെപോയി. മത്സരം ഏകകണ്ഠമാക്കാന്‍ ഒ. രാജഗോപാലിന് പിന്‍മാറേണ്ടി വന്നു. അദ്ദേഹത്തിനു വേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ മത്സരരംഗത്തുണ്ടായിരുന്ന ബാക്കി പതിനെട്ടു പേരില്‍ ഒരാള്‍ പോലും - സ്വന്തം ഗ്രൂപ്പിലുളളവര്‍ ഉള്‍പ്പെടെ- തയ്യാറായില്ല. കഴിഞ്ഞ മഴക്കാലത്ത് പാര്‍ട്ടിയില്‍ വന്ന് നേതാവായ ഒരാള്‍ക്ക് വേണ്ടിയാണ് ഒരു ത്യാഗത്തിനോ ഒളിച്ചോട്ടത്തിനോ രാജഗോപാല്‍ നിര്‍ബന്ധിതനായത് എന്നതാണ് ഏറെ ശ്രദ്ധേയം.

ഇനി രാജഗോപാല്‍ കേന്ദ്രത്തിലെത്തണമെങ്കില്‍ നാമനിര്‍ദേശ പത്രികാ സൂത്രങ്ങള്‍ വല്ലതും തേടേണ്ടി വരും. തിരഞ്ഞെടുപ്പിനുശേഷം അനുമോദനങ്ങള്‍ക്കു മറുപടിയായി പത്മനാഭന്‍ പറഞ്ഞ വാക്കുകളായിരിക്കണം പിന്‍മാറ്റത്തിലെ തോല്‍വിയെക്കാള്‍ രാജഗോപാലനെയും രാമന്‍പിളളയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ടാവുക. പദവികള്‍ കിട്ടാന്‍ മത്സരിക്കുന്നവര്‍ അതിനര്‍ഹരാണോ എന്ന് ആത്മപരിശോധന നടത്തണമെന്നായിരുന്നു പത്മനാഭന്റെ ഉപദേശം. ഡി. വൈ. എഫ്. ഐയുടെ ആദിരൂപമായ കെ. എസ്. വൈ. എഫിലൂടെ രാഷ്ട്രയത്തില്‍ വന്ന പത്മനാഭന്‍ തന്നെ ഇതു പറയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more