ഇന്ത്യയുമായി സാമ്പത്തികബന്ധം മെച്ചപ്പെടുത്താമെന്ന് ചൈനീസ് പ്രധാനമന്ത്രി
ബീജിങ്: ചൈന ഇന്ത്യയുമായുള്ള സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് ചൈനീസ് പ്രധാനമന്ത്രി സു റോങ്ജി ഇന്ത്യന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനെ അറിയിച്ചു.
വിവരസാങ്കേതിക വിദ്യയുടെ മേഖലയില്‍, പ്രത്യേകിച്ച് സോഫ്റ്റ്വേര്‍രംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാന്‍ ഇരുനേതാക്കളും ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനു വിടുകയാണെന്ന് സു റോങ്ജി പറഞ്ഞു. സഹകരണം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനായി ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന ഒരു സംഘം രൂപീകരിക്കണമെന്ന ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്റെ നിര്‍ദേശം സുറോങ്ജി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
പ്രത്യേക സാമ്പത്തിക പദ്ധതികളൊന്നും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായില്ല.
ഐക്യരാഷ്ട്ര സംഘടന പുന:സംഘടിപ്പിക്കണമെന്ന ആവശ്യത്തില്‍ ചൈന ഇന്ത്യയോടൊപ്പം നില്‍ക്കുമെന്നും വികസ്വര രാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടനയില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം നല്‍കാന്‍ ആവശ്യപ്പെടുമെന്നും സുറോങ്ജി നാരായണന് ഉറപ്പുനല്‍കി.
ചൈനീസ് സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച്ച നാരായണന്‍ ഒരു മണിക്കൂര്‍ നേരം ചൈനീസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
ചൈനീസ് അധികൃതരുമായി കഴിഞ്ഞ മൂന്ന് ദിവസമായി ചര്‍ച്ച നടത്തിവരുന്ന നാരായണന്‍ ചൈനീസ് സന്ദര്‍ശനം വിജയകരമാണെന്ന് പറഞ്ഞു.












Click it and Unblock the Notifications