റവന്യൂ കാര്‍ഡ്: അപാകതകള്‍ തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ആന്റണി
തിരുവനന്തപുരം: റവന്യൂ കാര്‍ഡ് സമ്പ്രദായത്തിലെ അടിസ്ഥാനപരമായ അപാകതകള്‍ ഉടന്‍ തിരുത്തിയില്ലെങ്കില്‍ കേരളത്തിലെ നായനാര്‍ സര്‍ക്കാര്‍ ശക്തമായായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി മുന്നറിയിപ്പു നല്‍കി.
അഴിമതി ഇല്ലാതാക്കാനും റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ പെട്ടെന്നുതന്നെ ലഭിക്കാനും വേണ്ടിയാണ് റവന്യൂ കാര്‍ഡുകള്‍ കൊണ്ടുവന്നത്. എന്നാല്‍ ആര്‍ക്കും നല്‍കാന്‍ കഴിയാത്ത അനാവശ്യ വിവരങ്ങള്‍ അപേക്ഷാഫോറത്തില്‍ ചോദിച്ചുകൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്, ആന്റണി ആരോപിച്ചു.
യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തന്നെയാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്. അല്ലെങ്കില്‍ വിവരങ്ങള്‍ നല്‍കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. കാര്‍ഡ് സമ്പ്രദായം ഇപ്പോഴുള്ള നിലയില്‍ത്തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ സര്‍ക്കാര്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരും, ആന്‍റണി പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാമെന്ന വ്യവസ്ഥ കാര്‍ഡ് സമ്പ്രദായത്തിന്റെ അന്തസത്തക്ക് എതിരാണ്. അപേക്ഷാഫോറം ലഭിക്കാന്‍ ജനങ്ങള്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. ഫോറത്തിന് കരിഞ്ചന്തയില്‍ അഞ്ചു രൂപയാണ് വില.












Click it and Unblock the Notifications