ഫിജി ഭരണകൂടത്തിനുമേല്‍ അന്താരാഷ്ട്രസമ്മര്‍ദ്ദം കൂടുന്നു
ലണ്ടന്‍: പതിനഞ്ച് ദിവസമായി തുടരുന്ന ഫിജിയിലെ ബന്ദി നാടകം അവസാനിപ്പിക്കാന്‍ ഫിജി ഭരണകൂടത്തിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുന്നു. മുന്‍ പ്രധാനമന്ത്രിയെയും മറ്റുള്ളവരെയും മോചിപ്പിച്ചില്ലെങ്കില്‍ ഫിജി ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ട് യു.എസും ബ്രിട്ടനും മുന്നോട്ടു വന്നിരിക്കുകയാണ്.
രാജ്യത്തെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ ഫിജിയെ കോമണ്‍വെല്‍ത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ സാധ്യമല്ലെങ്കിലും അടുത്തയാഴ്ച കോമണ്‍വെല്‍ത്ത് വിദേശകാര്യമന്ത്രിമാര്‍ യോഗം ചേരുമ്പോള്‍ സ്വാഭാവികമായും ഫിജിയെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യവും ഉയര്‍ന്നുവരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി ജോണ്‍ ബാറ്റില്‍ പറഞ്ഞു.
ഫിജിയിലെ ഇന്ത്യക്കാരുടെ നിരവധി അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തില്‍ ഫിജി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ ബാറ്റില്‍ വിമര്‍ശിച്ചു. ജനാധിപത്യരീതിയിലുള്ള ഭരണഘടനയെ പിച്ചിച്ചീന്തലാണിത്. ജനാധിപത്യ പ്രക്രിയക്കും അവകാശങ്ങള്‍ക്കും ആദരവ് ലഭിക്കുന്ന ഭരണഘടനയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ബാറ്റില്‍ വ്യക്തമാക്കി. 1987-ലെ അട്ടിമറിക്കുശേഷം കോമണ്‍വെല്‍ത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഫിജിക്ക് 1997-ലെ ഭരണഘടനാ നവീകരണത്തോടുകൂടിയാണ് വീണ്ടും പ്രവേശനാനുമതി ലഭിച്ചത്.
ഫിജിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കയും സൂചിപ്പിച്ചു. ഫിജിയുടെ അന്താരാഷ്ട്രബന്ധങ്ങളിലും സഹായങ്ങളിലും ദൂരവ്യാപകഫലങ്ങളുളവാക്കുന്ന നടപടികളെക്കുറിച്ച് യു.എസ്. മറ്റു രാജ്യങ്ങളുമായി ആലോചിച്ചുവരികയാണെന്ന് ഒരു യു.എസ്. വക്താവ് അറിയിച്ചു.
ഫിജിയില്‍ ഭരണഘടനാവിരുദ്ധമായി അധികാരം പിടിച്ചെടുക്കുന്നതിനെ യു.എസ്. എതിര്‍ക്കുന്നു. അങ്ങനെ ചെയ്താല്‍ അന്താരാഷ്ട്ര തലത്തില്‍ ഫിജിക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരും. ജനാധിപത്യത്തിലും 1997-ലെ ഭരണഘടനയിലും അടിയുറച്ച ഒരു പരിഹാരത്തെയാണ് യു.എസ്. അനുകൂലിക്കുന്നത്, വക്താവ് പറഞ്ഞു.
എന്നാല്‍ ഫിജിക്കെതിരെ എന്ത് നടപടികളാണ് എടുക്കുകയെന്നെ ചോദ്യത്തില്‍ നിന്ന് വക്താവ് ഒഴിഞ്ഞു മാറി. ജോര്‍ജ് സ്പെയ്റ്റിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച വക്താവ് ബന്ദികളെ ഉടന്‍ വിട്ടയക്കാനും ആവശ്യപ്പെട്ടു.












Click it and Unblock the Notifications