ബി.ജെ.പിയുമായി യാതൊരു ചര്‍ച്ചയുമില്ലെന്ന് ആന്റണി
തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ബി.ജെ.പിയുമായി കോണ്‍ഗ്രസ് യാതൊരു ചര്‍ച്ചയും നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പറഞ്ഞു.
വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ആന്റണി. തന്റെ അറിവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളുമായി ഔപചാരികമോ അനൗപചാരികമോ ആയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആന്റണി വ്യക്തമാക്കി. സഖ്യം സ്ഥാപിക്കുന്നതിനെ കുറിച്ച് താന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിവരികയാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആന്റണി. പത്മനാഭന്റെ പ്രസ്താവന ഒരു ആഗ്രഹചിന്ത മാത്രമാണെന്ന് ആന്റണി പറഞ്ഞു.
യു.ഡി.എഫിനു പുറത്തുള്ള ഒരു കക്ഷിയുമായും കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടില്ല. ഞങ്ങളുടെ രാഷ്ട്രീയലൈനനുസരിച്ച് ബി.ജെ.പിയും സി.പി.എമ്മും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അവരുമായി യാതൊരു തരത്തിലുള്ള ബന്ധവും കോണ്‍ഗ്രസിനുണ്ടാവില്ല. ആന്റണി വ്യക്തമാക്കി.
ദേശീയതലത്തില്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായെതിര്‍ക്കുമ്പോള്‍ കേരളത്തില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ രാഷ്ട്രീയമായി നേരിടും.
യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനവും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും കരുണാകരന്‍ ആവശ്യപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുത്ത് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വമാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്ന് ആന്റണി പറഞ്ഞു. കെ.പി.സി.സി അംഗങ്ങളാണ് കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നത്.
യു.ഡി.എഫിലെ രാജ്യസഭാ സീറ്റ് പ്രശ്നം യു.ഡി.എഫ് ഏകോപനസമിതി ചര്‍ച്ച ചെയ്യുമെന്ന് ആന്റണി പറഞ്ഞു.
പ്ലസ് ടു അനുവദിച്ചപ്പോള്‍ സാമൂഹ്യവും പ്രാദേശികവുമായും തുല്യ നീതി പുലര്‍ത്തിയില്ലെന്ന ആക്ഷേപം അടിയന്തിരമായി പരിഹരിക്കണം. രാഷ്ട്രീയലേലം വിളിയുടെ ഭാഗമായാണ് പ്ലസ്-ടൂ കോഴ്സ് അനുവദിച്ചത്. ഇതിനെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
കേരളത്തിലെ മദ്യനയത്തെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ചാരായ നിരോധനം പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചാരായ-മദ്യലോബികളെ കേരളത്തില്‍ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ്. ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് കൂടൂതല്‍ വാടക നല്‍കാന്‍ ആളുകള്‍ തയ്യാറുണ്ടായിരുന്നപ്പോള്‍ കുറഞ്ഞ വാടക നിരക്കില്‍ സി.പി.എം നിയന്ത്രണത്തിലുള്ള മലയാളം ചാനലിന് നല്‍കിയ നടപടിയെ ആന്റണി വിമര്‍ശിച്ചു.












Click it and Unblock the Notifications