ഇന്ത്യന്‍ വംശജര്‍ക്കെതിരെ വ്യാപകമായ അക്രമമെന്ന് ഫിജി ലേബര്‍ പാര്‍ട്ടി
സുവ: ഫിജിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുകയാണെന്ന് ബന്ദിയാക്കപ്പെട്ട മുന്‍പ്രധാനമന്ത്രി മഹേന്ദ്ര ചൗധരി നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി ആരോപിച്ചു.
ഉള്‍പ്രദേശമായ നൈതാസിരിയില്‍ ജോര്‍ജ് സ്പെയ്റ്റിന്റെ അനുകൂലികളായ ഒരു പറ്റം യുവാക്കള്‍ ഇന്ത്യന്‍ വംശജരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പാര്‍ട്ടി പറഞ്ഞു. പത്തോളം പേരുള്ള ഓരോ സംഘങ്ങളായി എത്തിയ യുവാക്കളുടെ കൈയില്‍ ഇരുമ്പുവടി, റൈഫിള്‍, കത്തി, കല്ല് എന്നിവയുമുണ്ടായിരുന്നു. കൂട്ടത്തില്‍ ചിലര്‍ പുറത്ത് കാവല്‍ നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ വീടുകളില്‍ കയറി ആക്രമണം നടത്തുകയും കൊള്ള നടത്തുകയും ആളുകളെ ആക്രമിക്കുകയും ചെയ്തു, പാര്‍ട്ടി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ വംശജരായ സ്ത്രീകളെ മാനഭംഗപ്പെടുത്തുമെന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തി. ഗ്രാമത്തിലെ ആരാധനാലയങ്ങളും യുവാക്കളുടെ ഭീഷണി നേരിടുകയാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. ഭയന്നിരിക്കുന്ന ജനങ്ങള്‍ക്ക് അഭയം നല്‍കാന്‍ അടുത്തുള്ള ഗ്രാമങ്ങളിലെ ഫിജി വംശജരോട് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു.
നിയമപ്രകാരം കടുത്ത ശിക്ഷയോ പിഴയോ ലഭിക്കാവുന്ന ഈ അതിക്രമത്തിനെതിരെ രാജ്യത്തെ പട്ടാള ഭരണകൂടം ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞു.












Click it and Unblock the Notifications