ഫിജി: ബന്ദികളെ വിട്ടയക്കാനിടയില്ലെന്ന് സ്പെയിറ്റ്
സുവ: ഫിജിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു. ഈ ആഴ്ച്ചയുടെ അവസാനത്തില്‍ ബന്ദികളെ വിട്ടയക്കാനിടയില്ലെന്ന് സ്പെയിറ്റ് വ്യക്തമാക്കി.
വ്യാഴാഴ്ച്ച സൈനികനേതൃത്വവുമായി സ്പെയിറ്റ് നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരം ഗോത്രതലവന്‍മാരുടെ കൗണ്‍സിലിന് വിടാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഗോത്രതലവന്‍മാര്‍ക്കു മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കുന്നതില്‍ സൈനിക നേതൃത്വം ഇപ്പോള്‍ താത്പര്യം കാണിക്കുന്നില്ലെന്ന് സ്പെയിറ്റ് പറഞ്ഞു.
പാര്‍ലെമെന്റിനു ചുറ്റും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാത്രി ഈ പ്രദേശത്ത് വെടിയൊച്ച കേട്ടിരുന്നു.
നേരത്തെ തിങ്കളാഴ്ച്ച ചേരുന്ന ഗോത്രതലവന്‍മാരുടെ യോഗത്തിനു മുമ്പായി ബന്ദികളെ വിട്ടയക്കുമെന്നാണ് ജോര്‍ജ് സ്പെയിറ്റ് പറഞ്ഞിരുന്നത്.
ബന്ദികളെ വിട്ടയക്കാമെന്നും ആയുധം അടിയറവ് വെക്കാമെന്നും അട്ടിമറിക്കാര്‍ സമ്മതിച്ചിരുന്നതായി സൈനിക വക്താവ് ഫിലിപ്പോ താരകിനികിനി പറഞ്ഞിരുന്നു. ശനിയാഴ്ച്ച രാവിലെ 5.30ന് സൈന്യവും അട്ടിമറിക്കാരും തമ്മില്‍ കരാറൊപ്പുവെക്കുമെന്നും സൈനിക വക്താവ് പറഞ്ഞു. എന്നാല്‍ സൈന്യത്തിന്റെ പ്രതീക്ഷക്കു വിരുദ്ധമായി ഉടമ്പടിയില്‍ ഒപ്പിടലുണ്ടായില്ല.
അതിനിടെ ഫിജിയിലെ സംഭവങ്ങള്‍ നിര്‍ണ്ണയിക്കാനായി ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ എസ്.ടി. ദേവാര്‍ തലസ്ഥാനമായ സുവയിലെത്തി. ആസ്ത്രേലിയയിലെ സര്‍ക്കാരുമായി സംഭാഷണം നടത്തിയ ശേഷമാണ് ദേവാര്‍ സുവയിലെത്തിയത്. ആസ്ത്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സി.പി. രവീന്ദ്രനാഥനും അദ്ദേഹത്തിന്റെ കൂടെയുണ്ട്.
സന്ദര്‍ശനത്തിനിടയില്‍ സുവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഐ.എസ്. ചൗഹാന്‍, മറ്റു ഇന്ത്യന്‍ നയതന്ത്രജ്ഞര്‍, ഫിജിയിലെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധികള്‍ എന്നിവരെ ദേവാര്‍ കാണും. ചര്‍ച്ചകള്‍ക്കുശേഷം ശനിയാഴ്ച വൈകുന്നേരം അദ്ദേഹം ന്യൂസിലാണ്ടിലേക്കു പോകും.












Click it and Unblock the Notifications