അതിര്‍ത്തി രേഖപ്പെടുത്തല്‍: നീക്കങ്ങള്‍ വേഗത്തിലെന്ന് ചൈന
ദില്ലി: ഇന്ത്യാ-ചൈന അതിര്‍ത്തി രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കത്തെ കുറിച്ച് രമ്യമായ ചര്‍ച്ചക്ക് വേദിയൊരുങ്ങിയേക്കും.
അതിര്‍ത്തി രേഖപ്പെടുത്തുന്നതിനായി രൂപീകരിച്ച ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ മന്ദഗതിയിലാണ് നടന്നുവന്നിരുന്നത്.
ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണരേഖ രേഖപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് തീര്‍ക്കാന്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് രാഷ്ട്രപതി കെ.ആര്‍.നാരായണനോട് ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തി. രാഷ്ട്രപതി ഭവന്‍ വൃത്തങ്ങളാണ്ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ചത്.
പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംയുക്ത പ്രവര്‍ത്തക സമിതിയോട് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി രേഖപ്പെടുത്തുന്നതിന് സങ്കീര്‍ണമായ പഠനങ്ങള്‍ ആവശ്യമായി വരുന്നതിനാല്‍ ഇത് പൂര്‍ണമാക്കുന്നതിന് കുറച്ചുവര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. അതിനുശേഷം ഇരുരാജ്യങ്ങളും രേഖപ്പെടുത്തിയ മാപ്പ് പരസ്പരം കൈമാറും.
സംയുക്ത പ്രവര്‍ത്തക സമിതിയിലെ ഇരുരാജ്യങ്ങളിലെയും അംഗങ്ങള്‍ കഴിഞ്ഞയാഴ്ച്ച ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു.












Click it and Unblock the Notifications