ഫിജി: ഏകദേശ ധാരണ ആയെന്ന് സ്പെയ്റ്റ്
സുവ: ഫിജിയില്‍ 17 ദിവസമായി തുടരുന്ന ബന്ദിനാടകം അവസാനിപ്പിക്കാന്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്ന് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ്. ആര്‍മി ആസ്ഥാനത്തു നടന്ന ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സ്പെയ്റ്റ്. സംഭാഷണം തിങ്കളാഴ്ചയും തുടരും.
ധാരണക്ക് പ്രത്യേക സമയപരിധി നിശ്ചയിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇരുവിഭാഗവും തമ്മിലുള്ള സംഭാഷണത്തിന് തടസ്സമായി നിന്നിരുന്ന എല്ലാം മാറിക്കഴിഞ്ഞു എന്നു മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കൂ, സ്പെയ്റ്റ് വ്യക്തമാക്കി.
ഫിജി ജനാധിപത്യ ഭരണത്തിലേക്ക് തിരിച്ചുവരേണ്ടത് എപ്പോഴാണെന്നതിനെക്കുറിച്ച് സംഭാഷണത്തില്‍ തീരുമാനത്തിലെത്താനായില്ലെന്ന് ആര്‍മി നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാനും രാജ്യത്തെ ജനാധിപത്യ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള ഒരു ധാരണ സ്പെയ്റ്റ് തള്ളിക്കളഞ്ഞിരുന്നു.
ഫിജി വംശജരല്ലാത്തവര്‍ക്ക് രാജ്യം ഭരിക്കാനുള്ള അവകാശം നിലനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സംഭാഷണത്തില്‍ ഉയര്‍ന്നുവന്നെന്ന് സ്പെയ്റ്റ് പറഞ്ഞു. എന്നാല്‍ അടുത്തുതന്നെ രൂപീകരിക്കാന്‍ പോകുന്ന ഇടക്കാല സര്‍ക്കാര്‍ നയിക്കുന്നത് ഫിജി വംശജനായിരിക്കണമെന്ന തന്റെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടക്കാല സര്‍ക്കാര്‍ 97-ലെ ഭരണഘടന ഭേദഗതി ചെയ്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സ്പെയ്റ്റ് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications