തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫിജി പട്ടാളം
സുവ: അട്ടിമറിവിഭാഗത്തിന്റെ ഒരാവശ്യങ്ങളും അനുവദിക്കുകയില്ലെന്നും ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്നുമുള്ള തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫിജി പട്ടാളഭരണ നേതൃത്വം വ്യക്തമാക്കി.
പ്രശ്നത്തില്‍ ഒരു നീക്കുപോക്കുമില്ല. അവരുടെ ആവശ്യങ്ങള്‍ക്ക് ഞങ്ങള്‍ ഇനി ചെവി കൊടുക്കുകയില്ല, പട്ടാള ഭരണാധികാരി കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാരാമ പറഞ്ഞു.
അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റും സൈന്യവും തമ്മില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ ചര്‍ച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ദികളെ ഉടന്‍ വിട്ടയക്കാനും ആയുധം താഴെവെക്കാനും സ്പെയ്റ്റിനോടും കൂട്ടരോടും സൈന്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ സ്പെയ്റ്റ് ഈ അന്ത്യശാസനം നിരാകരിച്ചു.
സ്പെയ്റ്റിനെ പിന്തുണക്കുന്ന പട്ടാളക്കാരോട് ചൊവാഴ്ച വൈകുന്നേരം മൂന്നു മണിക്കു (ഇന്ത്യന്‍ സമയം രാവിലെ 8.30) മുമ്പായി ആയുധം താഴെവെച്ച് പാര്‍ലമെന്റ് മന്ദിരം വിടാനും സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നു സൈനികര്‍ മാത്രമാണ് ഈ ശാസന സ്വീകരിച്ചത്.
എന്നാല്‍ ബന്ദികളെ രക്ഷിക്കാന്‍ പാര്‍ലമെന്റിലേക്ക് പട്ടാളം ഇരച്ചു കയറുമെന്നല്ല അന്ത്യശാസനങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്ന് പട്ടാള മേധാവി വ്യക്തമാക്കി. പട്ടാളം പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ ബന്ദികളെ വെടിവെച്ചു കൊല്ലുമെന്ന് സ്പെയ്റ്റ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബന്ദികളെ വിട്ടയക്കണമെന്ന മെത്തഡിസ്റ്റ് സഭയുടെ അഭ്യര്‍ത്ഥന സ്പെയ്റ്റ് നിരാകരിച്ചു. ധാരാളം ഫിജി വംശജര്‍ മെത്തഡിസ്റ് സഭയില്‍ അംഗങ്ങളാണ്. സ്പെയ്റ്റും കൂട്ടാളികളും പള്ളിയുടെ യഥാര്‍ത്ഥ ഇടവകാംഗങ്ങളല്ലെന്ന് പറഞ്ഞ് സെവന്‍ത് ഡേ അഡ്വെന്റിസ്റ് സഭയും സ്പെയ്റ്റിന്റെ പ്രവൃത്തികളെ വിമര്‍ശിച്ചു. സ്പെയ്റ്റ് അംഗമായ സഭയാണ് സെവന്‍ത് ഡേ അഡ്വെന്റിസ്റ്.












Click it and Unblock the Notifications