റേഷനരിക്ക് ഒരു രൂപ അധിക സബ്സിഡി
തിരുവനന്തപുരം: ദാരിദ്യ്രരേഖക്ക് മുകളിലുള്ളവര്‍ക്ക് ഒരു കിലോഗ്രാം റേഷന്‍ അരിക്ക് ഒരു രൂപ കൂടി അധിക സബ്സിഡിയായി നല്‍കുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. ഇത് കുറഞ്ഞത് 150 കോടി സംസ്ഥാന ഖജനാവിന് അധിക ബാധ്യതയുണ്ടാക്കും.
കേന്ദ്രം ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ചത് സൃഷ്ടിച്ച പ്രത്യാഘാതത്തെ മറികടക്കാനായാണിത്. നേരത്തെ റേഷനരിക്ക് ഒരു രൂപ സബ്സിഡി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു രൂപയുടെ അധിക സബ്സിഡി കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ദാരിദ്യ്രരേഖക്ക് മുകളിലുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് കേന്ദ്രനിരക്കില്‍ 12.40 രൂപ വിലയുള്ള റേഷനരി 10.40 രൂപക്ക് ലഭിക്കും.
റേഷന്‍അരിയുടെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ റേഷനരിയുടെ വില്പന കുറഞ്ഞതായി ഭക്ഷ്യമന്ത്രി ഇ.ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തിലൂടെ 1,45,000 ടണ്‍ അരി വിതരണം ചെയ്യുന്ന സംസ്ഥാനത്ത് റേഷനരിയുടെ വില്പന മാസത്തില്‍ 30,000 ടണ്ണായി കുറഞ്ഞു. ഒരു രൂപ സബ്സിഡി ഏര്‍പ്പെടുത്തിയതോടെ വില്പന മാസത്തില്‍ 50,000 ടണ്ണായി കൂടി.
റേഷനരിയുടെ ഉപഭോഗം വീണ്ടും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു രൂപ അധിക സബ്സിഡി കൂടി ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു മാസം 16 രൂപയാണ് ഇപ്പോള്‍ റേഷന്‍ കാര്‍ഡുടമക്ക് സബ്സിഡി നല്‍കുന്നത്. ജൂണ്‍ 12ഓടെ റേഷനരി വില 10.40 ആയി കുറയും.












Click it and Unblock the Notifications