നായനാരുടെ രോഗനില ഭേദമായി
തിരുവനന്തപുരം: ബുധനാഴ്ച്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി നായനാരുടെ രോഗനില ഭേദമായി.
അദ്ദേഹത്തിന്റെ പനി കുറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച്ച രാവിലെ അദ്ദേഹം പ്രഭാത ഭക്ഷണം കഴിച്ചു. ആശുപത്രിയില്‍ അഞ്ചു ദിവസം വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം മലബാര്‍ എക്സ്പ്രസില്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍കോടേക്കു പോവുകയായിരുന്ന നായനാര്‍ക്ക് കൊല്ലം സ്റ്റേഷന്‍ കഴിഞ്ഞ് പിറവത്തെത്തിയപ്പോള്‍ ശക്തമായ നെഞ്ചുവേദനയും പനിയും വിറയലും അനുഭവപ്പെടുകയായിരുന്നു. അപ്പോഴേക്കും കൊല്ലത്തു നിന്നും 13 കിലോ മീറ്റര്‍ അകലെ എത്തിയിരുന്നു.
ഉടന്‍ തന്നെ കൊല്ലത്തേക്കു കൊണ്ടുപോയ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനത്തു നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications