വി.വി.രാഘവന്റെ സ്ഥാനാര്‍ഥിത്വം; എല്‍.ഡി.എഫില്‍ പ്രതിസന്ധി
തിരുവനന്തപുരം: സി.പി.ഐ സ്ഥാനാര്‍ഥിയായി വി.വി.രാഘവന് രാജ്യസഭയിലേക്ക് പത്രിക നല്കാന് തീരുമാനിച്ചതോടെ ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമായി. തിങ്കളാഴ്ച്ചയാണ് രാഘവന് പത്രിക നല്‍കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച്ച കൂടിയ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം മുന്നണിയെ കടുത്ത പ്രതിസന്ധിയിലെത്തിക്കുകയായിരുന്നു. ആര്.എസ്.പിയും സി.പി.എമ്മും പത്രിക നല്കാന് തീരുമാനിച്ചതോടെ തങ്ങളെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് വി.വി.രാഘവനെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്താന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്.
സി.പി.ഐയുടെ സ്ഥാനാര്‍ഥിത്വം രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളില്‍ ആരൊക്കെ ജയിക്കുമെന്ന നേരത്തെയുള്ള കണക്കുകൂട്ടലുകളെ തന്നെ തെറ്റിച്ചേക്കും. സി.പി.എമ്മിന്റെ വല്യേട്ടന് മനോഭാവത്തില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സി.പി.ഐയെ സഹായിക്കാന്‍ യു.ഡി.എഫ് ഒരുങ്ങുകയാണെങ്കില്‍ ഒരു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോല്‍ക്കാനും സാധ്യതയുണ്ട്.
ആര്.എസ്.പി സ്ഥാനാര്‍ഥി പ്രേമചന്ദ്രന് വെള്ളിയാഴ്ച്ച പത്രിക സമര്‍പ്പിച്ചിരുന്നു.