കേന്ദ്രസര്‍ക്കാരിന്റെ പരിപാടികള്‍ നികുതിവരുമാനം വര്‍ദ്ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നികുതിസമാഹരണ യജ്ഞം കാരണം രാജ്യത്തിന്റെ നികുതിവരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി കേന്ദ്ര ധനകാര്യസഹമന്ത്രി വി. ധനഞ്ജയ് കുമാര്‍. സര്‍ക്കാരിന്റെ ഫലപ്രദമായ പരിപാടികള്‍ വരുമാന നികുതി നല്‍കുന്നവരില്‍ കൂടുതല്‍ വിശ്വാസം ജനിപ്പിക്കാനും അവരില്‍ നിന്ന് കൂടുതല്‍ സഹകരണം ലഭിക്കാനും ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കൂടുതല്‍ വരുമാന നികുതി കൊടുക്കുന്നവരെ ആദരിക്കാന്‍ വരുമാനനികുതി വകുപ്പ് ഒരുക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി നികുതി സമാഹരണത്തെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. ഇതു മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ വരുമാനനികുതിചട്ടങ്ങള്‍ ലഘൂകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ കാരണം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സാവധാനം മെച്ചപ്പെടുകയാണ്. വിദേശനാണയനിധി 3,900 കോടി ഡോളറായി വര്‍ദ്ധിച്ചു. എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധന നിമിത്തം നാണയപ്പെരുപ്പ നിരക്കില്‍ നേരിയ വര്‍ദ്ധനയുണ്ടായതായി അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ എ. ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. 99-2000-ത്തില്‍ രാജ്യത്തിന്റെ 57,200 കോടി രൂപ നികുതി വരുമാനത്തില്‍ കേരളത്തിന്റെ വിഹിതം 800 കോടി രൂപയായിരുന്നു. 2000-2001-ല്‍ രാജ്യത്തിന്റെ മൊത്ത നികുതി വരുമാനം 72,000 കോടിയായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.












Click it and Unblock the Notifications