കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകക്കപ്പിലെ ഒത്തുകളി: ആരോപണം സി.ബി.ഐ അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോകക്കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒത്തുകളിച്ചെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി അലി ബാച്ചറിന്റെ ആരോപണം അന്വേഷിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിലെ കോഴവിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന കിംഗ് കമ്മീഷനു നല്‍കിയ മൊഴിയിലാണ് 99-ലെ ലോകക്കപ്പില്‍ സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒത്തുകളിച്ചുവെന്ന് ബാച്ചര്‍ വെളിപ്പെടുത്തിയത്. ബാച്ചറിന്റെ ആരോപണം ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതുമായി ഏതെങ്കിലും ഇന്ത്യന്‍ കളിക്കാരന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് സി.ബി.ഐ വക്താവ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ സി.ബി.ഐയെ നിയമിച്ചിട്ടുണ്ട്.

അന്വേഷണത്തിന് സഹായകമാവുകയാണെങ്കില്‍ കിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വക്താവ് അറിയിച്ചു. ക്രോണ്യെ വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ദില്ലി പോലീസിനും കിംഗ് കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമ്പോള്‍ ആവശ്യപ്പെടാന്‍ പരിപാടിയുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് രംഗം ഞെട്ടലില്‍

അതേസമയം ബാച്ചറിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടവരില്‍ ഞെട്ടലുളവാക്കി. ബി.സി.സി.ഐ ഓണററി സെക്രട്ടറി ജയ്വന്ത് ലെലെയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്വാദും ബാച്ചറിന്റെ വാദത്തെ തള്ളിക്കളഞ്ഞു. എതിര്‍ ടീമിനെ പുറത്താക്കണമെന്ന് ഇരുടീമുകളും ആഗ്രഹിക്കുമ്പോള്‍ എങ്ങനെയാണ് ഒത്തുകളി നടക്കുക, ലെലെ ചോദിക്കുന്നു.

ലോകക്കപ്പില്‍ ഇന്ത്യക്കെതിരെ ഇതുവരെ വിജയം നേടാത്ത പാക്കിസ്ഥാന് നമ്മളെ തോല്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിനുശേഷം ഞാനവരുടെ ഡ്രസ്സിംഗ് റൂമില്‍ പോയി. എല്ലാ പാക്കിസ്ഥാന്‍ കളിക്കാരും തോല്‍വിയുടെ ആഘാതത്തിലായിരുന്നു, ഗെയ്ക്ക്വാദ് പറഞ്ഞു. സൂപ്പര്‍സിക്സില്‍ ഇന്ത്യയുടെ ഏകവിജയം പാക്കിസ്ഥാനെതിരെയായിരുന്നു. ലോകക്കപ്പില്‍നിന്ന് ഇന്ത്യ പുറത്തായതോടെ ഗെയ്ക്ക്വാദിനെ കോച്ച് സ്ഥാനത്തു നിന്ന് നീക്കം ചെയ്തു.

സി.ബി.ഐ. അന്വേഷണം നടക്കുകയായതിനാല്‍ മിക്ക ക്രിക്കറ്റര്‍മാരും ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ മടിക്കുകയാണ്. കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുന്നത്. അപ്പോള്‍ ഏതെങ്കിലും കളിക്കാരന്‍ തങ്ങളുടെ ടീം തോല്‍ക്കണമെന്ന് വിചാരിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഇന്ത്യ ജയിച്ചത് നന്നായി. ജയിക്കാന്‍ വേണ്ടി ആരും കോഴവാങ്ങില്ലല്ലോ, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുന്‍ ടെസ്റ് താരം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X