വിദേശികള്‍ റാഞ്ചിയ കപ്പല്‍ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു
മുംബൈ: കുറെ വിദേശികള്‍ ചേര്‍ന്ന് റാഞ്ചിയ ഇറ്റാലിയുടെ കപ്പല്‍ എം.വി. മെഡ്സ്റാര്‍ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു. ചൊവാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.15-നാണ് കപ്പല്‍ തുറമുഖത്തെത്തിയത്.
ഇന്ത്യയുടെ നിയമങ്ങളൊന്നും കപ്പല്‍ ലംഘിച്ചിട്ടില്ലെന്ന് കരുതുന്നുതായി ഒരു തീരദേശ സംരക്ഷണസേനാ വക്താവ് അറിയിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 14 പേര്‍ റാഞ്ചികളല്ലെന്നും മറിച്ച് ഒളിയാത്രക്കാര്‍ മാത്രമാണെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ അറിയിച്ചതായും വക്താവ് പറഞ്ഞു.
ഗുജറാത്തിലെ ഓഖാ തുറമുഖത്തു നിന്നും 80 മൈല്‍ അകലെനിന്നുമുതല്‍ ഇന്ത്യന്‍ തീരദേശസംരക്ഷണ സേനയുടെ രണ്ടു ചെറുകപ്പലുകള്‍ ഇറ്റാലിയന്‍ കപ്പലിനെ പിന്തുടര്‍ന്നിരുന്നു.
കപ്പലിലെ 14 ഒളിയാത്രക്കാരില്‍ 10 പേര്‍ ഇറാന്‍ കാരും നാലു പേര്‍ ഇറാഖികളുമാണ്. മൂന്നു ദിവസം നീണ്ട റാഞ്ചല്‍ നാടകത്തിനുശേഷം ഇവരെല്ലാവരും ക്ഷീണിതരാണെന്ന് വക്താവ് പറഞ്ഞു. എന്നാല്‍ തീരദേശ സംരക്ഷണ സേന ഇതുവരെയും കപ്പലില്‍ കയറിയിട്ടില്ല.
ഒളിയാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ കപ്പലില്‍ കയറി എന്തെങ്കിലും സ്ഫോടകവസ്തുക്കളുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യനാവിക ഓഫീസര്‍ (ഓപ്പറേഷന്‍സ്) എം.പി. താര്‍നേജ പറഞ്ഞു.












Click it and Unblock the Notifications