എല്‍.ഡി.എഫിലെ സീറ്റ് തര്‍ക്കം: രണ്ടാം ദിവസത്തെ ചര്‍ച്ചയും പരാജയപ്പെട്ടു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി ഇടതുമുന്നണി സംസ്ഥാന സമിതി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 14ാം തീയതി ബുധനാഴ്ച്ച നടന്ന യോഗത്തിലും വിട്ടുവീഴ്ച്ചക്ക് തയ്യാറാകാതിരുന്ന സി.പി.എമ്മും സി.പി.ഐയും പ്രശ്നം തങ്ങളുടെ കേന്ദ്രനേതൃത്വങ്ങള്‍ക്കു വിട്ടേക്കും.
13ാം തീയതി ചൊവാഴ്ച്ച തുടങ്ങിയ എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗത്തില്‍ പ്രശ്നപരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് ചര്‍ച്ച ബുധനാഴ്ച്ചയും തുടരുകയായിരുന്നു. സീറ്റ് വേണമെന്ന നിലപാടില്‍ നിന്ന് സി.പി.എമ്മും സി.പി.ഐയും പിന്നോട്ടു പോകാന്‍ തയ്യറാവാഞ്ഞതിനാല്‍ ബുധനാഴ്ച്ചയും പ്രശ്നപരിഹാരമുണ്ടായില്ല.
അതേ സമയം പ്രശ്നപരിഹാരത്തിനായി ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് യോഗത്തിനു ശേഷം ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്ചുതാനന്ദന്‍ സൂചിപ്പിച്ചു. മുന്നണിയുടെ നിലനില്പിനായി ത്യാഗം ചെയ്യാന്‍ ചില കക്ഷികള്‍ ഒരുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ അച്ചുതാനന്ദന്‍ കക്ഷികളേതാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല.
സീറ്റ് തര്‍ക്കത്തെ കുറിച്ച് ഒരു തീരുമാനത്തിലും എത്തിചേര്‍ന്നിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
പ്രശ്നം പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന് വിടുമോ എന്ന കാര്യത്തില്‍ വ്യക്തമായൊന്നും പറയാന്‍ അച്ചുതാനന്ദന്‍ തയ്യാറായില്ല. 15ന് ദില്ലിയില്‍ വെച്ച് സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചേരുകയാണ്.
ജൂണ്‍ 16ന് പ്രശ്നം പരിഹരിക്കാനാവുമെന്ന് അച്ചുതാനന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജൂണ്‍ 16 ആണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications