ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാവില്ലെന്ന് മുഷാറഫ്
ദുബായ്: നിയന്ത്രണരേഖയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു പൂര്‍ണ യുദ്ധമുണ്ടാവില്ലെന്ന് പാക്കിസ്ഥാനിലെ സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫ് പറഞ്ഞു.
യുദ്ധത്തിനുള്ള സാധ്യത വളരെ കുറവാണ്. ന്യൂക്ലിയാര്‍ ശക്തികളായി മാറികഴിഞ്ഞ ഇന്ത്യക്കും പാക്കിസ്ഥാനും സ്ഥിതിഗതികള്‍ മനസിലാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. പാക്കിസ്ഥാന്‍ ഇപ്പോള്‍ തന്നെ ഉത്തരവാദിത്തബോധമുള്ള ന്യൂക്ലിയാര്‍ ശക്തിയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ നീക്കങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. പര്‍വേസ് മുഷാറാഫ് പറഞ്ഞു.
ഒമാനില്‍ സന്ദര്‍ശനത്തിനായെത്തിയ മുഷാറഫ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ ഇന്ത്യ യാതൊരു ആത്മാര്‍ഥതയും കാണിക്കുന്നില്ലെന്ന് മുഷാറഫ് ആരോപിച്ചു.
കാര്‍ഗില്‍ പ്രശ്നമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വാജ്പേയിയെ സഹായിച്ചതെന്ന വാദത്തില്‍ ഭാഗികമായ സത്യമുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഷാറഫ് പറഞ്ഞു.
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെത്രയാണെന്ന് ഇന്ത്യക്കറിയാം. അവര്‍ക്ക് പറ്റിയ നഷ്ടം വളരെ വലുതായിരുന്നു. മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications