മുന്നണിയുടെ ഭാവിക്കു വേണ്ടി സി.പി.എം അയഞ്ഞു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ കുറിച്ചുള്ള തര്‍ക്കം ഇടതുമുന്നണിയില്‍ സൃഷ്ടിച്ച പ്രതിസന്ധി അവസാനിപ്പിക്കാന്‍ സി.പി.എമ്മിന് ഒടുവില്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നാക്കം പോവേണ്ടിവന്നു.
ദില്ലിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഒരു സീറ്റ് ആര്‍.എസ്.പിയും സി.പി.ഐയും പങ്കിടട്ടെ എന്ന് നിര്‍ദേശിക്കാമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. പക്ഷേ ഇരുകക്ഷികളും അയയാന്‍ തയ്യാറാവാഞ്ഞപ്പോള്‍ മുന്നണിയുടെ ഭാവിക്കു വേണ്ടി സി.പി.എമ്മിന്് അല്പം ത്യാഗപരമായ തീരുമാനം കൈകൊള്ളേണ്ടിവന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വല്യേട്ടന്‍ നയം സ്വീകരിച്ച സി.പി.എമ്മിനോടുള്ള പ്രതിഷേധം ഘടകക്ഷികളെ കര്‍ക്കശമായ നിലപാടിലേക്ക് എത്തിക്കുകയായിരുന്നു. സി.പി.എമ്മിനാകട്ടെ ആദ്യമായി ഘടകക്ഷികള്‍ക്കു മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടിയും വന്നു.
സി.പി.എമ്മും സി.പി.ഐയും ആര്‍.എസ്.പിയും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാനെടുത്ത തീരുമാനം ജനതാദളിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ ഭാഗ്യലബ്ധിയായി. രാജ്യസഭാ സീറ്റ് പങ്കുവെക്കുന്ന കാര്യത്തില്‍ ചിത്രത്തിലെവിടെയും വരാഞ്ഞ കക്ഷിയായിരുന്നു ജനതാദള്‍. എങ്കിലും സീറ്റ് പങ്കുവെച്ചപ്പോള്‍ രണ്ട് സീറ്റുകളില്‍ ആദ്യത്തെ മൂന്ന് വര്‍ഷം സി.പി.ഐക്കും ആര്‍.എസ്.പിക്കും, ബാക്കിയുള്ള മൂന്ന് വര്‍ഷം സി.പി.എമ്മിനും ജനതാദളിനും എന്നായി തീരുമാനം. സീറ്റ് വീതം വെക്കല്‍ കൃത്യമാക്കിയപ്പോള്‍ ജനതാദളിനും കിട്ടി മൂന്നുവര്‍ഷത്തെ ഊഴം.
ശനിയാഴ്ച്ച രാവിലെ ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം എല്‍.ഡി.എഫ് യോഗത്തിനു ശേഷം വീണ്ടും ചേരാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാമെന്ന അവരുടെ പ്രതീക്ഷക്കു തിരിച്ചടിയായി ഇടതുമുന്നണി യോഗതീരുമാനം.












Click it and Unblock the Notifications