അസ്ഹറിനെതിരായ പരാമര്‍ശം പഠിച്ചുവരികയാണെന്ന് സി.ബി.ഐ
ദില്ലി: വാതുവെപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനുള്ള പങ്കിനെപ്പറ്റി ഹാന്‍സി ക്രോണ്യെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സസൂക്ഷ്മം പഠിക്കുകയാണെന്ന് സി.ബി.ഐ.
ദക്ഷിണാഫ്രിക്കയിലെ കിംഗ് കമ്മീഷനു മുമ്പാകെ ക്രോണ്യെ നല്കിയ മൊഴികള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ ഇപ്പോള്‍. മൊഴി സൂക്ഷ്മമായി പഠിച്ചതിനുശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് ഒരു സി.ബി.ഐ വക്താവ് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന കിംഗ് കമ്മീഷന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ക്രോണ്യെ ജൂണ്‍ 15 വ്യാഴാഴ്ചയാണ് മൊഴി നല്‍കിയത്. 96-ല്‍ ഒരു ഇന്ത്യന്‍ വാതുവെപ്പുകാരനുമായി തന്നെ പരിചയപ്പെടുത്തിയത് അസ്ഹറുദ്ദീനാണെന്ന് ക്രോണ്യെ വെളിപ്പെടുത്തിയിരുന്നു.
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍ സി.ബി.ഐക്ക് നല്കിയ വീഡിയോ ടേപ്പിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുപ്പിനായി ഹാജരാകാന്‍ അസ്ഹറുദ്ദീന് ഇതിനകം തന്നെ സി.ബി.ഐ സമന്‍സ് അയച്ചിട്ടുണ്ട്. ടേപ്പിലെ സംഭാഷണങ്ങള്‍ വാതുവെപ്പില്‍ അസ്ഹറുദ്ദീനുള്ള പങ്ക് തെളിയിക്കുന്നതാണെന്ന് കരുതുന്നു.