ഷെരീഫിന്റെ കാര്‍ഗില്‍ പ്രസ്താവനയോട് പാര്‍ട്ടിക്ക് എതിര്‍പ്പ്
ദുബായ്: കാര്‍ഗിലില്‍ സൈന്യം നുഴഞ്ഞുകയറിയത് തന്റെ അറിവോടെയല്ലെന്ന മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവനയോട് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു.
ഷെരീഫ് പറഞ്ഞത് വാസ്തവമല്ലന്ന് മുന്‍ സൈനിക ഭരണാധികാരി സിയാ-ഉള്‍-ഹഖിന്റെ മകന്‍ ഇജാസ്-ഉള്‍-ഹഖ് പറഞ്ഞു. ഷെരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡന്റാണ് ഇജാസ്.
ഷെരീഫിന് കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തെ പറ്റി നേരത്തെ വിവരം ലഭിച്ചില്ലായിരുന്നെങ്കില്‍ തന്നെ ഈ പ്രശ്നത്തെ കുറിച്ച് അറിഞ്ഞതിനു ശേഷമെങ്കിലും അദ്ദേഹം അതിനോട് പ്രതികരിക്കേണ്ടതായിരുന്നുവെന്ന് ഇജാസ് പറഞ്ഞു.
സൈന്യത്തെ സന്ദര്‍ശിച്ച് നവാസ് അവര്‍ക്ക് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല കാര്‍ഗിലില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കി. യുദ്ധമുന്നണിയില്‍ ഷെരീഫ് സന്ദര്‍ശനം നടത്തിയപ്പോള്‍ താനും കൂടെയുണ്ടായിരുന്നു.
പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് യോഗം ചേര്‍ന്ന് ഷെരീഫിന്റെ പ്രസ്താവനയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഇജാസ് പറഞ്ഞു. ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഒരു സംഘത്തെ അയക്കും. ഇത്തരമൊരു പ്രസ്താവന നടത്താന്‍ ഷെരീഫിനെ പ്രേരിപ്പിച്ചതെന്താണെന്ന് സംഘം ആരായും.
ഷെരീഫിന്റെ പ്രസ്താവന പി.എം.എല്ലിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രത്യേകിച്ച് സൈനിക ഭരണകൂടവുമായി സംഘര്‍ഷം ഒഴിവാക്കി തുറന്ന ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്ന സാഹചര്യത്തില്‍. ഇജാസ് പറഞ്ഞു.












Click it and Unblock the Notifications