വിമാനറാഞ്ചല്‍: സി.ബി.ഐ ബുധനാഴ്ച്ച കുറ്റപത്രം നല്‍കും
ദില്ലി: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടികൊണ്ടുപോയ സംഭവത്തെ കുറിച്ച് അന്വേഷിച്ച സി.ബി.ഐ ബുധനാഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കും. ഏഴ് പാക്കിസ്ഥാനികള്‍ക്കും നാല് ഇന്ത്യക്കാര്‍ക്കുമെതിരെയാണ് കുറ്റപത്രം.
പട്ട്യാല കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുക. 90 ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ ആദ്യത്തെ അറസ്റ്റുണ്ടായത് ജൂണ്‍ 22നാണ്.
കുറ്റപത്രത്തില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന പാക്കിസ്ഥാനികളില്‍ അഞ്ച് റാഞ്ചികള്‍ക്ക് പുറമെ രണ്ടു പേര്‍ കൂടിയുണ്ട്. ഹര്‍ക്കത്ത്-ഉല്‍-മുജാഹുദ്ദീന്‍ എന്ന സംഘടനയുടെ നേതാവും മൗലാനാ മസൂദ് അസ്ഹറിന്റെ സഹോദരനായ അബ്ദുള്‍ റൗഫും ഭാര്യാ സഹോദരനായ യൂസഫ് അസ്ഹറുമാണ് മറ്റു രണ്ട് പേര്‍.
പ്രതികളെ കൈമാറണമെന്ന് സി.ബി.ഐ പാക്കിസ്ഥാനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാഠ്മണ്ഡുവില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചികള്‍ തട്ടികൊണ്ടുപോയത്. അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില്‍ വിമാനമിറക്കിയ റാഞ്ചികള്‍ ബന്ദികളെ വിടണമെങ്കില്‍ മൂന്ന് ഭീകരന്മാരെ മോചിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത്സിങ് ഖാണ്ഡഹാറില്‍ ചെന്ന് ഭീകരരെ കൈമാറി. റാഞ്ചികളും ഭീകരരും ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളത്.












Click it and Unblock the Notifications