അഞ്ചാം ദിവസവും നിയമസഭ സ്തംഭിച്ചു
തിരുവനന്തപുരം: സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് സ്പീക്കര്‍ എം.വിജയകുമാര്‍ ആവശ്യപ്പെട്ടിട്ടും അഞ്ചാം ദിവസവും സഭ സ്തംഭിച്ചു.
പ്ലസ് ടു പ്രശ്നത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്തുമെന്നും നിയമസഭക്കു പുറത്തേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പറഞ്ഞു.
കഴിഞ്ഞ നാലു ദിവസവും സംഭവിച്ചതുപോലെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെ മാറ്റിനിര്‍ത്തി പ്ലസ് ടു പ്രശ്നത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
പ്രതിപക്ഷം മുദ്രാവാക്യം വിളി തുടര്‍ന്നപ്പോള്‍ ഭരണപക്ഷാംഗങ്ങളും സഭയുടെ നടുത്തളത്തിലേക്കിറങ്ങി. പ്രതിപക്ഷത്തിനെതിരായി അവര്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി.
ബഹളം ശക്തമായപ്പോള്‍ സ്പീക്കര്‍ ഇടപെട്ടു. വിലപ്പെട്ട സമയമാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് സ്പീക്കര്‍ സഭാംഗങ്ങളെ ഓര്‍മിപ്പിച്ചു.
പരിഹരിക്കാനാവാത്ത നഷ്ടമാണ് ഇത്കൊണ്ടുണ്ടാകുന്നത്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ ശ്രമിക്കണം. സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ ഇടപെട്ടിട്ടും ബഹളം നിലക്കാത്തതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം മാത്രമല്ല തങ്ങള്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുക എന്നതും സമരത്തിന്റെ ലക്ഷ്യത്തില്‍ പെടുന്നു.












Click it and Unblock the Notifications