കേരളത്തില്‍ വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണം
തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ കേരളത്തില്‍ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കാരണം സംസ്ഥാനത്തെ മിക്ക സ്കൂളുകളും അടഞ്ഞു കിടന്നു. സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ആരോപണം. ഇപ്പോഴത്തെ സൗകര്യങ്ങള്‍ പരിമിതമാണെന്നും വിദ്യര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വേണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.
ചില ചെറിയ അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബന്ദ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബന്ദ് പൂന്‍ണ്ണ വിജയമായിരുന്നുവെന്ന് സംയുക്ത സമര സമിതി കണ്‍വീനറും കെ എസ് യു പ്രസിഡന്റുമായ സതീശന്‍ പനേച്ചി അവകാശപ്പെട്ടു.
പലയിടത്തും സമരാനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്‍പില്‍ വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫിന്റെ കോലം കത്തിക്കുകയും ചെയ്തുേ.
വൈക്കം തലയോലപ്പറമ്പിലെ സെന്റ് ജോര്‍ജ് സ്കൂള്‍ അടപ്പിക്കാന്‍ ശ്രമിച്ച സമരാനുകൂലികളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. എറണാകുളത്ത് കച്ചേരിപ്പടിക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ രണ്ട് ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications