സഭ വീണ്ടും സ്തംഭിച്ചു; കക്ഷിനേതാക്കളുടെ ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: നിയമസഭ സ്തംഭിക്കുന്നത് തുടര്‍ച്ചായ ഏഴാം ദിവസവും തുടര്‍ന്നു. സഭ പിരിഞ്ഞതിനു ശേഷം സ്പീക്കറുടെ ചേംബറില്‍ നടത്തിയ വിവിധ കക്ഷിനേതാക്കളുടെ ചര്‍ച്ച തീരുമാനമെടുക്കാനാവാതെ പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ചോദ്യോത്തര വേള കഴിഞ്ഞയുടനെ പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി പ്ലസ് ടു പ്രശ്നം ഉന്നയിക്കാനൊരുങ്ങി. ഉടന്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ചാടിയെണീറ്റ് ബഹളമുണ്ടാക്കി. ബഹളമേറിയപ്പോള്‍ ആന്റണി പ്രസംഗം നിര്‍ത്തി.
തുടര്‍ന്ന് ഭരണപക്ഷാംഗങ്ങളും സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ഇരുവരും മുദ്രാവാക്യം മുഴക്കി ബഹളം കൂട്ടിയപ്പോള്‍ സ്പീക്കര്‍ ഇടപെട്ടു. സഭാനടപടികള്‍ തടസപെടാതെ നോക്കാനുള്ള സ്പീക്കറുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ സഭാംഗങ്ങളോട് ആവശ്യപ്പെട്ടു.
വില പിടിച്ച ദിവസങ്ങളാണ് നമുക്ക് നഷ്ടപ്പെടുന്നത്. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടേ പറ്റൂ. സ്പീക്കര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളെയും ചേംബറിലേക്ക് യോഗത്തിനായി സ്പീക്കര്‍ ക്ഷണിക്കുകയും ചെയ്തു.
തുടര്‍ന്ന് സഭാനടപടികള്‍ പെട്ടെന്ന് തീര്‍ത്ത് സഭ പിരിയുകയായിരുന്നു. സഭ നിര്‍ത്തിവെച്ചതിനു ശേഷം സ്പീക്കറുടെ ചേംബറില്‍ കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ ഭരണപക്ഷം നിരാകരിച്ചതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്താനാവാതെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
യു.ഡി.എഫിലെ ഘടകക്ഷികള്‍ ചൊവാഴ്ച്ച വൈകുന്നേരം യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള സമര പരിപാടികളെ കുറിച്ച് തീരുമാനമെടുക്കും.












Click it and Unblock the Notifications