ഫിജി: 24 മണിക്കൂര്‍ അന്ത്യശാസനം അട്ടിമറിക്കാര്‍ നിരാകരിച്ചു
സുവ: ബന്ദികളെ മോചിപ്പിക്കാനും ആയുധം താഴെവെക്കാനും ഫിജി സൈനിക ഭരണകൂടം പുറപ്പെടുവിച്ച 24 മണിക്കൂര്‍ അന്ത്യശാസനം ഫിജിയിലെ അട്ടിമറിക്കാന്‍ നിരാകരിച്ചു.
ഫിജിയിലെ അട്ടിമറി നേതാവ് സ്പെയ്റ്റിനും സംഘത്തിനും ആയുധം താഴെവെക്കാനും ബന്ദികളെ മോചിപ്പിക്കാനും സൈനികഭരണകൂടം 24 മണിക്കൂര്‍ സമയം അനുവദിച്ചത് ചൊവാഴ്ച രാവിലെയായിരുന്നു.
അഞ്ചാഴ്ചയായി ബന്ദികളാക്കി വെച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റ് 26 ബന്ദികളെയും ഈ സമയപരിധിക്കുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ അടുത്തു തന്നെ രൂപീകരിക്കാന്‍ പോകുന്ന സര്‍ക്കാരില്‍ സ്പെയ്റ്റിനും കൂട്ടര്‍ക്കും സ്ഥാനമുണ്ടാകില്ലെന്നായിരുന്നു അന്ത്യശാസനത്തില്‍ പറഞ്ഞിരുന്നത്.
അന്ത്യശാനം സ്വീകാര്യമല്ലെന്നും മറിച്ച് സംഭാഷണത്തിനായി നാലാം തവണയും തങ്ങള്‍ കരടുരേഖ മുന്നോട്ടുവെക്കുമെന്ന് അട്ടിമറിക്കാരുടെ വക്താവ് റതു തിമോക്കി സിലാതോലു പറഞ്ഞു.
മെയ് 29-ന് രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ച് അധികാരം ഏറ്റെടുത്ത ശേഷം സൈന്യം രണ്ടാമതു തവണയാണ് അന്ത്യശാസനം പുറപ്പെടുവിച്ചത്. നേരത്തെ പ്രഖ്യാപിച്ച അന്ത്യശാസനം സ്പെയ്റ്റ് നിരാകരിച്ചിരുന്നു. പിന്നീട് സൈനികഭരണകൂടവും സ്പെയ്റ്റും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം പുതിയ അന്ത്യശാസനം പുറപ്പെടുവിച്ചത്.












Click it and Unblock the Notifications