നിയമസഭ നിര്‍ത്തിവെച്ചു; ഇനി ജൂലൈ 17ന്
തിരുവനന്തപുരം: പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ നിരാഹാരസമരം തുടങ്ങിയതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. സഭാനടപടികള്‍ അലങ്കോലപ്പെടുന്ന സാഹചര്യത്തില്‍ ജൂലൈ 17ന് മാത്രമേ ഇനി നിയമസഭ ചേരുകയുള്ളൂവെന്ന് സ്പീക്കര്‍ എം.വിജയകുമാര്‍ അറിയിച്ചു.
ചോദ്യോത്തര വേള കഴിഞ്ഞയുടെനെ പ്ലസ് ടു പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാല് എം.എല്‍.എമാര്‍ സഭയില്‍ നിരാഹാരസമരം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിയുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങി.
സഭയുടെ അന്തസിന് യോജിക്കാത്ത ഇത്തരം സമരരീതി ഒഴിവാക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ 75ല്‍ അച്ചുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സഭയില്‍ നിരാഹാരം നടത്തിയിട്ടുണ്ടെന്ന കാര്യം ആന്റണി ഓര്‍മിപ്പിച്ചു. അത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.
സഭാനടപടികള്‍ തുടര്‍ന്നുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ സഭ നിര്‍ത്തിവെക്കാനും ജൂലൈ 17ന് മാത്രമേ ഇനി സഭ ചേരേണ്ടതുള്ളൂവെന്നും സഭാനേതാവായ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുന്നതായും സഭ ഇനി ജൂലൈ 17ന് ചേരുമെന്നും സ്പീക്കര്‍ അറിയിച്ചു.
സഭ പിരിയുന്നതായി പ്രഖ്യാപിച്ചതിനു ശേഷം കെ.സി. ജോസഫ്, കെ. ബാബു, പി.ജെ. ജോയി (കോണ്‍ഗ്രസ്), തോമസ് ചാഴിക്കാടന്‍ (കേരള കോണ്‍ഗ്രസ് - എം) എന്നിവര്‍ സഭയില്‍ നിരാഹാരം ആരംഭിച്ചു.
പ്ലസ് ടു പ്രശ്നത്തില്‍ യു.ഡി.എഫ് സമരം തുടരുമെന്നും പുതിയ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും എ.കെ.ആന്റണി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications