പുതിയ കമ്യൂണിസം, പുതിയ ജന്മിത്തം-3
ഇതാണ് കേരളത്തിലെ അവസ്ഥ. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കോടികള്‍ മുതല്‍മുടക്കുളള പുതിയ പദ്ധതികള്‍ക്ക് പണം ഒരു പ്രശ്നമാവുന്നില്ല. കാട്ടാക്കടയിലെയും ബോണക്കാട്ടയും പട്ടിണിക്കാരായ തൊഴിലാളികളുടെ മുന്നില്‍ തന്നെയാണ് പാര്‍ട്ടി ബക്കറ്റ് നീട്ടുന്നത്. എന്നിട്ടും ഇ.എം.എസ് അക്കാദമിക്ക് ഒരു ദിവസം ബക്കറ്റ് കുലുക്കുമ്പോള്‍ നാലു നാലരക്കോടി രൂപ പിരിയുന്നു. പ്രാഥമിക ഓഹരി വിപണിയില്‍ റിലയന്‍സ് പോലുളള വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ പോലും ലക്ഷ്യം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ മലയാളം ചാനലിന് കോടികള്‍ ഒഴുകിയെത്തുന്നു. പട്ടിണി മൂലം മനുഷ്യന്‍ മരിക്കുന്ന നാട്ടില്‍ പട്ടിണിപ്പാവങ്ങളുടെ പാര്‍ട്ടി കോടികളുടെ സ്വത്ത് സമാഹരിക്കുന്നു.
അതെ, സി.പി.എം വല്ലാതെ മാറുകയാണ്. പാര്‍ട്ടിയുടെ പേരിന്റെ അവസാനം ബ്രാക്കറ്റില്‍ ചേത്തിരിക്കുന്ന മാര്‍ക്സിസ്റ്റ് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മറന്നു പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കമ്യൂണിസം വന്നു കഴിഞ്ഞാല്‍ ഭരണകൂടം തന്നെ അലിഞ്ഞില്ലാതാവുന്ന സുന്ദരാവസ്ഥയെപ്പറ്റി കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതിനു ശേഷമുളള സ്ഥിതിയെപ്പറ്റി അവര്‍ ചിന്തിച്ചിരിക്കില്ല. വ്യവസായതാല്‍പ്പര്യങ്ങളിലേക്കും സുഖലോലുപതയിലേക്കും ആഡംഭരഭ്രമത്തിലേക്കുമുളള കുതിപ്പ്. റുമേനിയയിലും റഷ്യയിലുമൊക്കെ സംഭവിച്ചത് അതാണ്. സ്വര്‍ണ്ണം കൊണ്ട് അലങ്കാരവേലകള്‍ ചെയ്ത കിടക്കകളില്‍ അന്തിയുറങ്ങിയ ചൗഷസ് ക്യൂമാരാണ് കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന്റെ കുളം തോണ്ടിയത്. കമ്യൂണിസത്തിന്റെ പൊടി പോലും നടപ്പായിട്ടില്ലെങ്കിലും കേരളത്തിലും പാര്‍ട്ടി അടിസ്ഥാനവര്‍ഗ്ഗത്തെ മറന്ന് സമ്പത്ത് കുന്നുകൂട്ടുന്നതിന്റെയും വ്യവസായതാല്‍പ്പര്യങ്ങളുടേയും ലഹരിയിലാണ്. കോണ്‍ഗ്രസ്സോ ബി.ജെ.പി യോ അല്ല, ഈ പുതിയ പ്രവണതകളായിരിക്കും ഇവിടെ പ്രസ്ഥാനത്തിന്റെ കടക്കലെ കത്തിയാവുക.


Click it and Unblock the Notifications